കാമ്പസുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്കു തുടക്കംകുറിച്ച് സംസ്ഥാന യുവജന കമ്മീഷൻ
1532287
Wednesday, March 12, 2025 6:38 AM IST
കോട്ടയം: സംസ്ഥാനത്തെ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരേ കാമ്പസുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കംകുറിച്ച് സംസ്ഥാന യുവജന കമ്മീഷൻ. പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ മാന്നാനം കെഇ കോളജിൽ സോഷ്യൽ വർക്ക് പിജി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തിയ ലഹരിവിരുദ്ധ സെമിനാർ സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് ഉദ്ഘാടനം ചെയ്തു.
വരുംദിവസങ്ങളിൽ വിവിധ കോളജുകളിൽ ഇതുമായി ബന്ധപ്പെട്ട ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും കൗൺസലിംഗ് അടക്കമുള്ള സേവനങ്ങൾ കമ്മീഷൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രഭാഷക അഡ്വ. അർച്ചന പ്രകാശ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപുരക്കൽ അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ ഫാ. ബിജു തോമസ്, ജോണി തോമസ്, ഡോ. എലിസബത്ത് അലക്സാണ്ടർ, ആൻ സ്റ്റാൻലി എന്നിവർ സെമിനാറിന് നേതൃത്വം നൽകി.