നാലുമണിക്കാറ്റിലേക്ക് വരൂ... കാറ്റു കൊണ്ട് വായിക്കാം
1531863
Tuesday, March 11, 2025 5:50 AM IST
കോട്ടയം: കൊടുംചൂടിനിടെ മരത്തണലില്‍ ചാരുബെഞ്ചില്‍ കുളിര്ക്കാറ്റേറ്റ് ഇരുന്ന് പുസ്തകം വായിച്ചാലോ? ഉറക്കമോ, ക്ഷീണമോ തോന്നിയാല്‍ ചൂടുകാപ്പിയും ചെറുകടികളും ആകാം..!
ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ക്ലീന്സ്ട്രീറ്റ് ഫുഡ് ഹബ്ബായ മണര്‍കാട് നാലു മണിക്കാറ്റ് വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇനി കുളിര്‍കാറ്റും കൊണ്ട് ചൂടുള്ള നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് പുസ്തകങ്ങള്‍ വായിക്കാം. നേരംപോക്ക് സായാഹ്ന ലൈബ്രറി എന്ന് പേരിട്ടിരിക്കുന്ന പുസ്തകശാലയില്‍നിന്നു വില നല്കി പുസ്തകങ്ങള്‍ എടുത്തു വായിക്കാം.
വായനയ്ക്കുശേഷം പുസ്തകം കേടു കൂടാതെ തിരികെ നല്കിയാല് ഒരു രൂപ മാത്രം വാടക ഈടാക്കി ബാക്കി വില തിരികെനല്‍കും. പണരഹിത കൗണ്ടറില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തു വില നല്കി പുസ്തകങ്ങള്‍ വാങ്ങുകയുമാകാം.
പുതുതലമുറയിലേക്ക് വായന കൂടുതലെത്തിക്കാന്‍ ഈ സായാഹ്ന പുസ്തകശാല ഉപകരിക്കുമെന്ന് വായനശാല ഉദ്ഘാടനം ചെയ്തു സംവിധായകന് ജയരാജ് പറഞ്ഞു. ലൈബ്രറിയില്‍ ലഭ്യമായ ലോക ക്ലാസിക്കുകളുടെ സംക്ഷിപ്ത രൂപത്തിലുള്ള പുസ്തകങ്ങള്‍, റീലുകള്‍ക്ക് സമാനമായി പുതുതലമുറയ്ക്ക് സ്വീകാര്യമാകുമെന്ന് ജയരാജ് അഭിപ്രായപ്പെട്ടു.
മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സിന്ധു അനില്‍കുമാര്‍, തിരുവഞ്ചൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി സാബു കല്ലക്കടമ്പില്‍, നാലു മണിക്കാറ്റ് പ്രസിഡന്റ് ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ഭാരവാഹികളായ കെ.കെ. മാത്യു, എം.എ. മാത്യു, സ്ട്രീറ്റ് മാനേജരും ലൈബ്രേറിയനുമായ ഗോപിനാഥന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.