കൊയ്ത്തുകഴിഞ്ഞ പാടത്ത് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി
1531850
Tuesday, March 11, 2025 5:32 AM IST
കല്ലറ: കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കല്ലറ-നീണ്ടൂര്‍ റോഡില്‍ മുടക്കാലി പാലത്തിനടുത്ത് മുപ്പതില്‍ പാടശേഖരത്താണ് തീ പടര്‍ന്നത്. തുടര്‍ന്ന് പ്രദേശമാകെ പുക പടര്‍ന്നു. ഇതുവഴിയുള്ള വാഹനഗതാഗതം അരമണിക്കൂറോളം സമയം തടസപ്പെട്ടു.
കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം സമയം വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. നീണ്ടൂര്‍ കെഎസ്ഇബി അധികൃതര്‍ സംഭവമറിഞ്ഞയുടന്‍ ഇതുവഴിയുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചത് അപകടം ഒഴിവാക്കി. തീ പടര്‍ന്ന് റോഡരികിലെ പുല്ലും ചെടികളുമെല്ലാം കത്തി നശിച്ചു.
പാടത്ത് നില്ക്കുന്ന കച്ചി കത്തിക്കാനായിട്ട തീയാകാം പടരാന്‍ കാരണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. കടുത്തുരുത്തി പോലീസും കെഎസ്ഇബി അധികൃതരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.