ജാഗ്രത വേണം... കിണർ വൃത്തിയാക്കാനിറങ്ങുന്പോൾ
1532051
Tuesday, March 11, 2025 11:56 PM IST
കോട്ടയം: ആഴമുള്ള കിണറുകളില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ ജീവവായു ലഭിക്കാതെ ബോധം നഷ്ടപ്പെടുന്നതും മരണപ്പെടുന്നതും പതിവാണ്. കിണറുകളില്‍ ആവശ്യത്തിനു വായുസഞ്ചാരം ഇല്ലാത്തതാണ് അപകടകാരണം. കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
4ആഴമേറിയ കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശുദ്ധവായു ലഭിക്കാതെയാണ് പലരും അപകടത്തില്‍പെടുന്നത്. കിണറിന് അടിയില്‍ വായുസഞ്ചാരം ഉറപ്പാക്കിയിട്ടു മാത്രമേ വൃത്തിയാക്കാന്‍ ഇറങ്ങാവൂ.
4ഗ്യാസ് ഡിക്ടറ്റര്‍ ഉപയോഗിച്ച് വായുസഞ്ചാരം എത്രത്തോളമുണ്ടെന്നും ഓക്സിജന്‍ അളവ് അറിയാനും സാധിക്കും. ഓണ്‍ലൈനില്‍ ചെറിയ വിലയ്ക്ക് ഗ്യാസ് ഡിക്ടറ്റര്‍ വാങ്ങാന്‍ സാധിക്കും.
4ഗ്യാസ് ഡിക്ടറ്റര്‍ ഇല്ലെങ്കില്‍ മെഴുകുതിരി കത്തിച്ച് കിണറിനുള്ളില്‍ ഇറക്കുക. ആവശ്യത്തിനു വായു സഞ്ചാരം ഇല്ലെങ്കില്‍ മെഴുകുതിരി അണയും. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും കിണറ്റില്‍ ഇറങ്ങരുത്.
4പച്ചിലക്കമ്പുകള്‍, ഓലമടലുകള്‍ എന്നിവ കയറില്‍ കെട്ടി കിണറ്റില്‍ പല തവണ ഇറക്കുകയും കയറ്റുകയും ചെയ്ത് വായു ഇളക്കണം. ഇങ്ങനെ ചെയ്താല്‍ വിഷവാതകം മാറി, ശുദ്ധ വായു എത്തും.
4കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നയാള്‍ ബോഡി ഹാര്‍നെസ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കണം. ഇതില്ലെങ്കില്‍ കയര്‍ രണ്ടു കൈകള്ക്കിടയിലുടെ ഇട്ടു നെഞ്ചിനോടു ചേര്‍ത്ത് അരയ്ക്കു മുകളില്‍ വരത്തക്ക രീതിയില്‍ കെട്ടി മുകളില്‍ നില്‍ക്കുന്നയാള്‍ക്ക് കയറിന്റെ അറ്റം പിടിക്കത്തക്ക വിധം വേണം ഇറങ്ങാന്‍. ഇറങ്ങുന്നയാളിന്റെ ശാരീരിക ക്ഷമതയും ഉറപ്പാക്കണം.
4തലചുറ്റല്‍, കാഴ്ച മങ്ങല്‍, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ട് ഉണ്ടായാല്‍ ഉടന്‍ തിരികെ കയറണം. ഓക്സിജന്‍ ലെവല്‍ ഓരോ മിനിറ്റിലും കുറയുന്നതിനാല്‍ കിണറിനുള്ളില്‍ കഴിയുന്നത് അപകടത്തിന്റെ തീവ്രത കൂട്ടും.
4ഒരു കാരണവശാലും കിണറിനുള്ളില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഇറങ്ങരുത്. മോട്ടോര്‍ പുക അപകടകരമാണ്. ഫാന്‍ ഉപയോഗിച്ച് കിണറ്റിനുള്ളില്‍ എയര്‍ നല്‍കാവുന്നതാണ്.
4മദ്യം ഉള്‍പ്പെടെ ലഹരി ഉപയോഗിച്ചശേഷം കിണറ്റില്‍ ഇറങ്ങരുത്.
4കിണറ്റിനുള്ളില്‍ അകപ്പെട്ട് ബുദ്ധിമുട്ടുണ്ടായാല്‍ ഒട്ടും വൈകാതെ 101 നമ്പറില്‍ ഡയല് ചെയ്ത് അടുത്തുള്ള ഫയര്‍ ഓഫീസില്‍ വിവരമറിയിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
അനൂപ് രവീന്ദ്രന്
സ്റ്റേഷന് ഓഫീസര്‍