നെടുംകുന്നം മൃഗാശുപത്രിയിൽ ഡോക്ടറില്ല; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
1531854
Tuesday, March 11, 2025 5:46 AM IST
നെടുംകുന്നം: ക്ഷീര കർഷകരേറെയുള്ള നെടുംകുന്നം മേഖലയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ഡോക്ടറില്ലാതായിട്ട് മാസങ്ങളായി. ഡോക്ടർ അവധിയിലായതിനാൽ സമീപത്തെ മൃഗാശുപത്രിയിലെ ഡോക്ടർമാർക്കാണ് പകരം ചുമതല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവർ എത്തുന്നത്.
ഡോക്ടറുടെ സേവനം എല്ലാ ദിവസവും കിട്ടാത്തതിനാൽ ക്ഷീര കർഷകരടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിലാണെന്ന് നാട്ടുകാർ പറയുന്നു. മൃഗങ്ങൾക്ക് കുത്തിവയ്പ് എടുക്കാനോ, ചികിത്സിക്കാനോ മാർഗമില്ലാത്ത അവസ്ഥയിലാണ്. നെടുംകുന്നം കവലയിലെ പഴയ വാടക കെട്ടിടത്തിൽനിന്നു മാറി ആറാം വാർഡിലെ ഒരു വാടകക്കെട്ടിടത്തിലാണ് നിലവിൽ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. ഉൾപ്രദേശമായതിനാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഏറെയാണ്. ഇവിടെനിന്നു നെടുംകുന്നം കവല കേന്ദ്രീകരിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മൃഗാശുപത്രി മാറ്റണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാൻ അധികൃതർ തയാറായിട്ടില്ല.
പുതിയ മൃഗാശുപത്രി നിർമിക്കാൻ പഞ്ചായത്ത് സ്ഥലവും കെട്ടിടം പണിയാനായി മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം രൂപയും അനുവദിച്ചിട്ട് നാളുകളായി. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ കെട്ടിടം പണി നീണ്ടുപോകുകയാണ്. പുതിയ കെട്ടിടം പൂർത്തിയായി പ്രവർത്തനമാരംഭിക്കണമെങ്കിൽ ഇനിയും ഏറെക്കാലം കാത്തിരിക്കണമെന്നു നാട്ടുകാർ പറയുന്നു.