ബിജുവിന് നാടിന്റെ യാത്രാമൊഴി; കുടുംബത്തെ സഹായിക്കാൻ കമ്മിറ്റി
1531773
Tuesday, March 11, 2025 12:05 AM IST
എരുമേലി: കിണറ്റിൽ ശ്വാസംമുട്ടി അപകടത്തിലായ ആളെ രക്ഷിക്കാൻ ഇറങ്ങി മരണമടഞ്ഞ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി. ബിജുവിന്റെ നിർധന കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ജനപ്രതിനിധികൾ യോഗം ചേർന്ന് തീരുമാനം. ഇന്നലെ വൈകുന്നേരമാണ് വീട്ടുവളപ്പിൽ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് എരുമേലി ടൗണിന് സമീപം തുണ്ടത്തിൽ ഷൈബുവിന്റെ കിണർ തേകാൻ ഇറങ്ങിയ കൂവപ്പള്ളി സ്വദേശി അനീഷ് കിണറ്റിൽ ഓക്സിജൻ ഇല്ലാതിരുന്നതുമൂലം ശ്വാസം മുട്ടി കുഴഞ്ഞുവീണത്. അനീഷിനെ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ എരുമേലി ആമക്കുന്ന് ആറ്റുകാൽപുരയിടത്തിൽ ഗോപകുമാറും (ബിജു) ശ്വാസം മുട്ടി കുഴഞ്ഞുവീണു. അഗ്നിരക്ഷാസേന എത്തി പുറത്തെടുക്കുമ്പോൾ ഇരുവരും മരിച്ചിരുന്നു.
അനീഷിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ബിജുവിന്റെ കുടുംബത്തെ സഹായിക്കാൻ ഇന്നലെ സംസ്കാരത്തിനുശേഷം ചേർന്ന ജനകീയ യോഗത്തിൽ തീരുമാനിച്ചെന്ന് എസ്എൻഡിപി ഭാരവാഹികൾ അറിയിച്ചു.
വേദനയോടെ പരീക്ഷ
ബിജുവിന്റെ മകൻ ആനന്ദ് ഇന്നലെ പ്ലസ്ടു പരീക്ഷയ്ക്ക് എരുമേലി സെന്റ് തോമസ് സ്കൂളിൽ എത്തിയത് അടക്കാനാവാത്ത ഹൃദയവേദനയോടെ നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി. ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ മാത്രം എഴുതാനാണ് അവന് കഴിഞ്ഞത്. പരീക്ഷ എഴുതാൻ കഴിയാതെ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന അവനെ അധ്യാപകർ ആശ്വസിപ്പിച്ചത് ഏറെ ദുഃഖത്തോടെയായിരുന്നു. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ ആനന്ദിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു അച്ഛൻ.
ബിജു വിലക്കിയത് രക്ഷയായി
ബിജുവിന് പകരം തന്റെ ജീവനാണ് നഷ്ടപ്പെടേണ്ടിയിരുന്നതെന്ന് എരുമേലി ടൗണിൽ നാരങ്ങാ മൊത്ത വ്യാപാരം നടത്തുന്ന രാജൻ. കിണറ്റിൽ അപകടത്തിൽപ്പെട്ട അനീഷിനെ രക്ഷിക്കാൻ ഇറങ്ങിയ രാജനോട് ഇറങ്ങേണ്ടന്ന് പറഞ്ഞ് ബിജു ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇങ്ങിയ ഉടനെ ബിജു ശ്വാസം മുട്ടി കുഴഞ്ഞുവീണു മരിച്ചത് ഒരിക്കലും മറക്കാനാകില്ലെന്ന് രാജൻ പറഞ്ഞു.