തലയോലപ്പറമ്പ് പള്ളിയിൽനിന്ന് പണം അപഹരിച്ച കേസിൽ മോഷ്ടാവ് പിടിയിൽ
1532049
Tuesday, March 11, 2025 11:56 PM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കൈക്കാരന്മാരുടെ മുറിയിലെ ലോക്കർ തകർത്ത് രണ്ടു ലക്ഷത്തോളം രൂപ അപഹരിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. ഇടുക്കി അടിമാലി 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ പത്മനാഭ(64)നാണ് പിടിയിലായത്.
തൃശൂർ വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ മോഷണം നടത്താൻ എത്തിയ ഇയാളെ സെമിത്തേരിവഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് പോലീസ് സാഹസികമായാണ് ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയത്.
കേരളത്തിലെ വിവിധ ജില്ലകളിലായി 60 പള്ളികളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പെരുമ്പാവൂർ പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 28നാണ് പുറത്തിറങ്ങിയത്.
തുടർന്നാണ് ഇയാൾ കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് രാത്രിയാണ് തലയോലപ്പറമ്പ് പള്ളിയിൽ മോഷണം നടത്തി കടന്നുകളഞ്ഞത്.
പോലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ വടക്കാഞ്ചേരി ഭാഗത്ത് ഇയാൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പിടികൂടിയത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ തലയ്ക്കും മറ്റും പരിക്കേറ്റു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.