കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുവിത്തുകളുടെ വിതരണോദ്ഘാടനം
1532046
Tuesday, March 11, 2025 11:56 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 10,80,000 രൂപയുടെ കിഴങ്ങുവര്‍ഗങ്ങളുടെ വിത്തുകൾ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി വിതരണം ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ വഴിയാണ് ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില് എന്നിവയുടെ 12 കിലോ വരുന്ന വിത്തുകള്‍ 1300ല്‍പരം കിറ്റുകളാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്. കുംഭമാസം തീരുന്നതിന് മുന്‍പായി മുഴുവന്‍ സ്ഥലങ്ങളിലും കിഴങ്ങുവിത്തുകള് വിതരണം നടത്തും. 15,600 കിലോ കിഴങ്ങുവിത്തുകള് കൃഷി ചെയ്യുന്നതിലൂടെ 45,000 കിലോ വിളവ് പ്രതീക്ഷിക്കുന്നു.
ബ്ലോക്കുതല കിഴങ്ങുവിത്തുകളുടെ വിതരണോദ്ഘാടനം വിഴിക്കത്തോട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. ഉത്പാദന മേഖലയില്‍ മൂന്നിരട്ടി വളര്‍ച്ച നേടുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് അജിത രതീഷ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീര്‍, രത്നമ്മ രവീന്ദ്രന്, ബിഡിഒ എസ്. ഫൈസല്‍, പഞ്ചായത്തംഗം സിന്ധു സോമന്, സിഎഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സരസമ്മ, പിവൈഎംഎ വായനശാലാ സെക്രട്ടറി കെ.ബി. സാബു, കൃഷിവകുപ്പ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.