ഗ്രേവിയെച്ചൊല്ലി തർക്കം; തട്ടുകടയിൽ സംഘർഷം
1531862
Tuesday, March 11, 2025 5:50 AM IST
ഏറ്റുമാനൂർ: തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. കടയുടമ ഉൾപ്പെടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം മാതാ ആശുപത്രിക്ക് എതിർവശത്തായി എംസി റോഡരികിൽ പ്രവർത്തിക്കുന്ന തീപ്പൊരി തട്ടുകടയിൽ ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് തെള്ളകം സ്വദേശികളായ അഷാദ് ശിവൻ (44) ഇയാളുടെ സഹായി പ്രവീൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാത്രിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോതനല്ലൂർ സ്വദേശികൾക്ക് പൊറോട്ടയ്ക്ക് ഒപ്പം നൽകിയ ഗ്രേവി പഴകിയതാണെന്നു പരാതി പറഞ്ഞത് തട്ടുകട ഉടമയെയും സഹായിയെയും ചൊടിപ്പിച്ചു. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം മടങ്ങാൻ കാറിൽ കയറുമ്പോൾ കടയുടമയും സഹായിയും പിന്നാലെയെത്തി മർദിക്കുകയായിരുന്നു. കടയിൽ ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.