പാലാ അല്‍ഫോന്‍സ കോളജില്‍ സംരംഭക സമ്മേളനം നാളെ
1532011
Tuesday, March 11, 2025 10:34 PM IST
പാലാ: അല്‍ഫോന്‍സ കോളജില്‍ കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര്‍ പങ്കെടുക്കുന്ന സംരംഭക സമ്മേളനം നാളെ വൈകുന്നേരം നാലിന് നടത്തും. ഹെക്മാസ് എന്ന സംരംഭക കൂട്ടായ്മയുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള വേദിയാണ് സമ്മേളനം. നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസനയം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നേടാനുള്ള അവസരം കൂടിയാണിത്. ട്രിപ്പിള്‍ ഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളജ് ഇതിനോടകം തന്നെ ധാരണാപത്രം ഒപ്പ് വയ്ക്കുകയും വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്സുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തില്‍ പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതി കോളജ് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. 120 ഓളം വിദ്യാര്‍ഥികള്‍ക്ക് സമീപപ്രദേശങ്ങളില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്നതിനുള്ള അവസരം കോളജ് ഒരുക്കി കൊടുത്തിരുന്നു.
പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ നാട്ടിലെ കോളജുകള്‍ക്കും ഇത്തരം അവസരങ്ങള്‍ സമീപ പ്രദേശത്തെ സംരഭങ്ങളുമായി ചേര്‍ന്ന് സൃഷ്ടിക്കാന്‍ സാധിക്കും എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ അല്‍ഫോന്‍സ കോളജ് മുന്നോട്ട് വയ്ക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സിസ്റ്റര്‍ ഡോ. മഞ്ചു എലിസബത്ത് കുരുവിള, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍, ഐഇഡിസി നോഡല്‍ ഓഫീസര്‍ പൂര്‍ണിമ ബേബി, വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് മോട്ടിവേഷന്‍ ക്ലബ് ഡയറക്ടര്‍ ഷീന സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.