ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: കുറവിലങ്ങാട്ട് നാലു ദിവസത്തിനുള്ളിൽ മൂന്നു കേസ്
1531777
Tuesday, March 11, 2025 12:05 AM IST
കുറവിലങ്ങാട്: ലഹരിക്കെതിരേയുള്ള എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ കുറവിലങ്ങാട് മേഖലയിൽ നാലുദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തതു മൂന്നു കേസുകൾ. ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി ഞെട്ടിക്കുന്ന കണക്കുകളും കഥകളുമാണ് പുറത്തുവരുന്നത്.
കടുത്തുരുത്തി സ്വദേശികളായ രണ്ടുപേർ ഇന്നലെ എക്സൈസിന്റെ വലയിൽ കുടുങ്ങി. എക്സൈസ് ഓഫീസിന്റെ സമീപത്തു വച്ചാണ് ഇവരെ പിടികൂടിയത്. അടുത്ത നാളിൽ കാളികാവിൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന പിതാവിനെയും മകനെയും ഒരുമിച്ചു പിടികൂടിയിരുന്നു. കടപ്പൂര് പിണ്ടിപ്പുഴയിൽനിന്നു കഞ്ചാവ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ് .
മറ്റു സ്ഥലങ്ങളിൽ നിന്നെത്തിച്ച് കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങളാണ് ഈ മേഖലയിൽ കൂടുതലുള്ളതെന്നാണ് എക്സൈസിന്റെ നിരീക്ഷണം. തലയോലപ്പറമ്പ്, ഏറ്റുമാനൂർ, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ മേഖലയിലേക്ക് ഉപയോഗത്തിനായി കഞ്ചാവ് എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിരീക്ഷണം. വരുംദിവസങ്ങളിൽ കുറവിലങ്ങാട് മേഖലയിൽ ശക്തമായ റെയ്ഡുകളുമായി മുന്നോട്ടു പോകാനാണ് എക്സൈസ് തീരുമാനം.
വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം കൂടിവരുന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത് ആശങ്കയുയർത്തുകയാണ്. മാരക രാസ ലഹരിവസ്തുക്കളുടെ ഉപയോഗവും വർധിച്ചിട്ടുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഓൺലൈനായി വിവിധ സൈറ്റുകളിൽനിന്നു ലഹരിവസ്തുക്കൾ വാങ്ങുന്ന രീതി ഗ്രാമീണ മേഖലയിൽ പോലും വർധിച്ചിരിക്കുന്നത് ഏറെ ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് വിളിച്ചറിയിക്കുന്നത്.