കീച്ചൻപാറ നടപ്പാലം ഉദ്ഘാടനം നാളെ
1532062
Tuesday, March 11, 2025 11:56 PM IST
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന മുണ്ടക്കയം പഞ്ചായത്ത് അഞ്ചാം വാർഡിലെ കീച്ചാൻപാറ നടപ്പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് നടക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടപ്പാലം നാടിന് സമർപ്പിക്കും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പഞ്ചായത്തംഗങ്ങളായ ജിനീഷ് മുഹമ്മദ്, വി.എൻ. ജാൻസി, ദിലീഷ് ദിവാകരൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.ജി. രാജു, ചാർലി കോശി, അരുൺ കൊക്കാപ്പള്ളി, സിജു കൈതമറ്റം, ഷമീർ കൂരിപാറ തുടങ്ങിയവർ പ്രസംഗിക്കും.
2021ലെ പ്രളയത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നെടുംതോടിന് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടുതവണ താത്കാലിക നടപ്പാലം നിർമിച്ചെങ്കിലും ഇതും തകർന്നു. ഇതോടെ കീച്ചൻപാറ നിവാസികൾ കാൽനടയായി ഏറെ ദൂരം സഞ്ചരിക്കേണ്ട ദുരവസ്ഥയിലായിരുന്നു. തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 11 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ നടപ്പാലം നിർമിച്ചിരിക്കുന്നത്. പ്രളയത്തിൽ തകർന്ന കോൺക്രീറ്റ് പാലത്തിന് പകരം ഇരുമ്പ് കേഡറിലാണ് പുതിയ നടപ്പാലം നിർമിച്ചിരിക്കുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലമായതുകൊണ്ടുള്ള നിയമപ്രശ്നങ്ങൾ പാലത്തിന്റെ നിർമാണം വൈകുവാനിടയാക്കിയതായി എംഎൽഎ പറഞ്ഞു.