വെള്ളനാടി ചെക്ക്ഡാമിന്റെ ഷട്ടറുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ വെള്ളം ഒഴുക്കിക്കളഞ്ഞു
1532061
Tuesday, March 11, 2025 11:56 PM IST
മുണ്ടക്കയം: വെള്ളനാടി ചെക്ക്ഡാമിന്റെ ഷട്ടറുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ വെള്ളം ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ചു തവണയാണ് സാമൂഹ്യവിരുദ്ധർ ഈ ചെക്ക്ഡാമിന്റെ ഷട്ടറുകൾ തകർത്ത് വെള്ളം ഒഴുക്കിക്കളഞ്ഞത്. ഓരോ തവണയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചെക്ക്ഡാമിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കുമെങ്കിലും സാമൂഹ്യവിരുദ്ധർ രാത്രിയിൽ വീണ്ടും ഇതു തകർത്ത് വെള്ളം ഒഴുക്കിക്കളയുകയാണ്.
ജലവിതരണ വകുപ്പിന്റെ പ്രവർത്തനം നിലച്ചാൽ സ്വകാര്യ കുടിവെള്ള വിതരണക്കാർക്ക് ഉയർന്ന വിലയ്ക്ക് വീടുകളിൽ വെള്ളമെത്തിച്ചു നൽകാൻ കഴിയും. അതുകൊണ്ടുതന്നെ സംഭവത്തിനു പിന്നിൽ കുടിവെള്ള വിതരണ ലോബിയുടെ പ്രവർത്തനമാണോയെന്ന സംശയം ജനപ്രതിനിധികളും നാട്ടുകാരും പങ്കുവയ്ക്കുന്നുണ്ട്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നും രാത്രികാലങ്ങളിൽ പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും മുണ്ടക്കയം പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. മേഖലയിൽ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്നു നാട്ടുകാരും പറയുന്നു. പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
മുണ്ടക്കയം ടൗണിലേക്കും സമീപ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതു മുണ്ടക്കയം ബൈപാസിലെ ജലവിതരണവകുപ്പിന്റെ പമ്പ് ഹൗസിൽ നിന്നാണ്. വേനൽക്കാലത്ത് ഈ പദ്ധതിയുടെ പ്രധാന ജലസ്രോതസ് മണിമലയാറിനു കുറുകെ നിർമിച്ചിരിക്കുന്ന വെള്ളനാടി ചെക്ക്ഡാമിലെ വെള്ളമാണ്. വേനൽക്കാലമായതോടെ സമീപമേഖലയെല്ലാം കുടിവെള്ളക്ഷാമത്തിലേക്കു നീങ്ങുകയാണ്. ചെക്ക്ഡാമിൽ സംഭരിച്ചിരിക്കുന്ന ജലം ഉപയോഗിച്ചു മുണ്ടക്കയം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും സമീപ മേഖലയിലെ വീടുകളിലേക്കും ജലവിതരണം സുഗമമായി നടക്കുന്നുണ്ട്.