പാലായുടെ വികസന ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് മാണി സി. കാപ്പന്
1532059
Tuesday, March 11, 2025 11:56 PM IST
പാലാ: ബജറ്റില്‍ വര്‍ധിപ്പിച്ച ഭൂനികുതി കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതിനാല്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മാണി സി. കാപ്പന് എംഎല്‍എ. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച മാണി സി. കാപ്പന് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായിട്ടുള്ള പദ്ധതികള്‍ അവതരിപ്പിച്ചു.
നാലമ്പലവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടവും സ്ഥിതി ചെയ്യുന്ന രാമപുരം, ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം, ഇടപ്പാടി ക്ഷേത്രം, ഇളങ്ങുളം ക്ഷേത്രം, ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം, ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ കബറിടം ഇവയെല്ലാമുള്ള പാലായെ പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസം മാപ്പില്‍ ചേര്‍ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎൽഎ എന്നിവരോടൊപ്പം കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്നും എംഎല്‍എ പറഞ്ഞു. ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്ന ബൈപാസ് റോഡും റിംഗ് റോഡും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കടവുപുഴ പാലം ബജറ്റില്‍ അനുവദിച്ചിരിക്കുന്ന ചില്ലച്ചി പാലത്തിന്റെ പണം ഉപയോഗിച്ച് നിര്‍മിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കാര്‍ഷികവിളകൾ വ്യാപകമായി കാട്ടുപന്നി നശിപ്പിക്കുന്നതിന് പരിഹാരമുണ്ടാക്കണമെന്നും മാണി സി. കാപ്പന് നിയമസഭയില്‍ ആവശ്യപ്പെട്ടു.