ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിനു നൂറുവയസ്
1532047
Tuesday, March 11, 2025 11:56 PM IST
ഇണ്ടംതുരുത്തി മന ഇന്ന് ചെത്തുതൊഴിലാളി ഓഫീസ്
റോബിന് ഏബ്രഹാം ജോസഫ്
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയുടെ വിളിപ്പാടകലെയാണ് ഇണ്ടംതുരുത്തി മന. വടക്കുംകൂര്‍ രാജകുടുംബത്തിന്റെ കീഴില്‍ നാടുവാഴി പാരമ്പര്യാവകാശവും 48 ബ്രാഹ്മണകുടുംബങ്ങളുടെ മേല്‍ക്കോയ്മയും ഉണ്ടായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരി കുടുംബത്തിന്റെ പാര്‍പ്പിടമായിരുന്നു ഇത്.
ഇണ്ടംതുരുത്തി നീലകണ്ഠന് നമ്പൂതിരിപ്പാട് ക്ഷേത്രഭരണത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന കാലത്താണ് മഹാത്മജി ക്ഷേത്രവഴിയില്‍ അവര്‍ണർക്കും വഴി നടക്കാന്‍ അനുമതി ചോദിച്ചെത്തിയത്.
മിച്ചഭൂമി നിയമം വന്നതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പില്ക്കാലത്ത് ഇണ്ടംതുരുത്തി മനയുടെ പ്രതാപം മങ്ങി. തലമുറ മാറ്റത്തോടെ മനയില്‍ സാമ്പത്തിക ബാധ്യതകള്‍ പെരുകി. മന നവീകരിക്കാനോ സംരക്ഷിക്കാനോ സാധിക്കാതെ വന്നതോടെ മന വില്ക്കാന് തീരുമാനമായി. ഇതറിഞ്ഞ സിപിഐ നേതാവ് സി.കെ. വിശ്വനാഥന് മനയുള്പ്പെടുന്ന രണ്ട് ഏക്കര്‍ സ്ഥലം പാര്ട്ടിക്കുവാങ്ങാന് നേതാക്കളുമായി ആലോചിച്ചു.
മനയുടെ അവകാശികളെ കണ്ട് വിലയുറപ്പിച്ചു. വൈക്കത്തെ ഏതാനും സമ്പന്നരില്‍നിന്നു കടംവാങ്ങിയതും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വരൂപിച്ചതുമായ പണം കൊണ്ട് മനയും സ്ഥലവും പാര്‍ട്ടി സ്വന്തമാക്കി. പില്ക്കാലത്ത് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ച് മനയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടിയാക്കി. 2009 മുതല്‍ മന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ചെത്തുതൊഴിലാളി യൂണിയന് ഓഫീസാണ്. ഒപ്പം സത്യഗ്രഹസ്മാരകവും.
ഗാന്ധിജിയുടെ പാദസ്പര്‍ശം കൊണ്ട് പെരുമയുള്ള ഇണ്ടംതുരുത്തി മന പാര്‍ട്ടി ഇപ്പോഴും ഭദ്രമായി സംരക്ഷിക്കുന്നു.
പെരുന്ന പ്രകമ്പനംകൊണ്ട ദിവസം
ജെവിന്‍ കോട്ടൂര്‍
കോട്ടയം: ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ചയ്ക്കുശേഷം തിരികെ വൈക്കത്തേക്കുള്ള യാത്രയില്‍ 1925 മാര്‍ച്ച് 15ന് വൈകുന്നേരം ഗാന്ധിജി ചങ്ങനാശേരിയിലെത്തി. എന്‍എസ്എസ് സ്കൂളിന് സമീപത്തെ മൈതാനത്തേക്ക് ഗാന്ധിജിയെ വലിയ ആഘോഷത്തോടെയാണ് നാടു വരവേറ്റത്. മന്നത്ത് പത്മനാഭന്, നഗരസഭാ ചെയര്മാന് ഫാ. മാത്യു തെക്കേക്കര എന്നിവരും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പ്ലാറ്റ്ഫോമില്‍ ഖദര്‍ വിരിച്ചിട്ട മേശയില്‍ ഗാന്ധിജി ഇരുന്നു. നഗരസഭയുടെ ഇംഗ്ലീഷിലുള്ള മംഗളപത്രത്തിന്റെ മലയാള പരിഭാഷ മന്നത്ത് പത്മനാഭനാണ് വായിച്ചത്. യോഗത്തില്‍ ലഘുപ്രസംഗം നടത്തിയ ഗാന്ധിജി നേരേ കോട്ടയത്തേക്കു തിരിച്ചു.
ഗാന്ധിജിയുടെ രണ്ടാം കേരളസന്ദര്‍ശനത്തിലും ചങ്ങനാശേരിയിലെത്തിയിരുന്നു. 1934ല്‍ ആശ്രമത്തിന്റെ ഉദ്ഘാടനത്തിന് ടി.കെ. മാധവന്റെ ക്ഷണം സ്വീകരിച്ചാണ് ഗാന്ധിജിയെത്തിയത്. ചങ്ങനാശേരി മോര്‍ക്കുളങ്ങര ആനന്ദാശ്രമത്തിലേക്കെത്തിയ ഗാന്ധിജിയെ അന്ന് നോട്ടീസില്‍ വിശേഷിപ്പിച്ചത് ഭഗവാന് ശ്രീ ഗാന്ധിദേവന്‍ എന്നായിരുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് സമസ്തഹിന്ദുക്കള്‍ക്കും ഒന്നാമതായി പ്രവേശനം നല്കിയ പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ 1937 ജനുവരി 20നും ഗാന്ധിജി എത്തിയിരുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം എന്ന നിലപാടു സ്വീകരിച്ച മന്നത്ത് പദ്മനാഭനാണ് ഈ സന്ദര്‍ശനത്തിനു കാരണമായത്.
ഇണ്ടംതുരുത്തിമനയില്‍
ഗാന്ധിജി പുറത്തിരുന്നു
ജിബിന്‍ കുര്യന്
കോട്ടയം: 1925 മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞ് 2.30ന് ഇണ്ടംതുരുത്തി ദേവന് നീലകണ്ഠന് നമ്പൂതിരിയുടെ മനയിലെത്തി ഗാന്ധിജി ചര്‍ച്ച നടത്തി. മനയ്ക്കുള്ളിലെ നാലുകെട്ടിലേക്ക് പ്രവേശനം നല്‍കാതെ പ്രത്യേക വരാന്തയൊരുക്കി ഗാന്ധിജിയെ അവിടെ ഇരുത്തിയായിരുന്നു ചര്‍ച്ച. നീലകണ്ഠന് നമ്പൂതിരി കസേരയില്‍ മനയുടെ വാതിലിനുള്ളിലിരുന്നു. ഗാന്ധിജിയെ ഇരുത്തിയ ഉമ്മറത്തിണ്ണ ഇപ്പോഴുമുണ്ട്.
വൈക്കം ക്ഷേത്രവഴിയില്‍ക്കൂടി എല്ലാവര്ക്കും യാത്ര അനുവദിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടെങ്കിലും സവര്‍ണപ്രമാണിമാര്‍ വഴങ്ങിയില്ല. തീരുമാനമൊന്നും ഉണ്ടാകാതിരുന്ന ചര്‍ച്ച വൈകുന്നേരം 5.10ന് അവസാനിച്ചു. 16ന് വീണ്ടും വൈക്കത്തെത്തിയ ഗാന്ധിജി അന്ന് മൗനവ്രതത്തിലായിരുന്നു. അതിനാല്‍ ആരും അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല.
പിറ്റേന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പുലയ സമുദായ മഹായോഗത്തില്‍ പങ്കെടുത്തു. വൈക്കം സത്യഗ്രഹികള്‍ക്ക് ഗാന്ധിജി നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കി. രാത്രി 11നു പ്രത്യേക ബോട്ടില്‍ വൈക്കത്തുനിന്നു പറവൂരിലേക്ക് പുറപ്പെട്ടു.
ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശന വേളയിലാണ് വൈക്കം സത്യഗ്രഹം എന്ന ഇതിഹാസസമാനമായ അയിത്തോച്ചാടനസമരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്നത്. 1925 മാര്‍ച്ച് ഒമ്പതിനാണ് സമരത്തിന് ഊര്‍ജം പകരാന്‍ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയത്.
മാര്‍ച്ച് എട്ടിന് കൊച്ചിയിലെത്തിയ ഗാന്ധിജി കൊച്ചിയില്‍നിന്ന് ബോട്ടിലായിരുന്നു വൈക്കത്ത് എത്തിയത്. ഗാന്ധിജി വന്നിറങ്ങിയ ബോട്ടുജെട്ടി ചരിത്രശേഷിപ്പായി ഇന്നുമുണ്ട്. മകന് രാമദാസ് ഗാന്ധി, മഹാദേവദേശായി, രാജഗോപാലാചാരി, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ 10നായിരുന്നു വൈക്കത്ത് പൗരസ്വീകരണം. അക്കാലത്ത് വൈക്കത്തെ ജനസംഖ്യ മൂവായിരം. എന്നാല്‍ ഗാന്ധിജിയെ കാണാനും കേള്‍ക്കാനും തടിച്ചുകൂടിയത് ഇരുപതിനായിരം പേര്.