പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി
1531846
Tuesday, March 11, 2025 5:32 AM IST
തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെയും മുദ്ര പബ്ലിക് ലൈബ്രറിയുടെയും മുൻ പ്രസിഡന്റും കീഴൂർ ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പലുമായിരുന്ന അന്തരിച്ച ഡോ.എച്ച്. സദാശിവൻപിള്ളയുടെ പുസ്തക ശേഖരത്തിലെ 1500 പുസ്തകങ്ങൾ കുടുംബം ലൈബ്രറി അധികൃതർക്ക് കൈമാറി. കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡോ. എച്ച്. സദാശിവൻപിള്ളയുടെ ഛായാചിത്രം ലൈബ്രറി ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. ഗോപി അനാച്ഛാദനം ചെയ്തു.
ആലപ്പുഴ നാദം ബുക്സിന്റെ സാഹിത്യ പുരസ്കാരം നേടിയ ബേബി ടി. കുര്യന്റെ നാലാമത്തെ പുസ്തകമായ പുഴവെള്ളവും കശുമാങ്ങയും മാധ്യമപ്രവർത്തകൻ സണ്ണി ചെറിയാൻ എഴുത്തുകാരി റോസിലി ജോയിക്ക് നൽകി പ്രകാശനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. ഗോപി, ബി. അനിൽകുമാർ, എ.കെ. മണി, കെ.ആർ. സുശീലൻ, പി.ജി. ഷാജിമോൻ, ബേബി ടി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.