മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ വാഹനാപകടങ്ങൾ പെരുകുന്നു
1531775
Tuesday, March 11, 2025 12:05 AM IST
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ വാഹനാപകടങ്ങൾ പെരുകുന്നു. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായ ഇരുപതിലധികം വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കൊടും വളവും കുത്തിറക്കവും നിറഞ്ഞ റോഡിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ഡ്രൈവർമാരുടെ അശ്രദ്ധയും മൂടൽമഞ്ഞും ചാറ്റൽ മഴയുമെല്ലാം അപകടങ്ങൾ വർധിപ്പിക്കുകയാണ്. മുന്പ് ശബരിമല സീസണിലാണ് റോഡിന്റെ ഈ ഭാഗങ്ങളിൽ പതിവായി അപകടം നടന്നിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും തന്നെ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച മാത്രം ഈ റോഡിൽ നാലോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
മുപ്പത്തിനാലാംമൈലിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. മരുതുംമൂടിന് സമീപം ഇന്നോവ കാർ നിയന്ത്രണംവിട്ട് സമീപത്തെ റബർത്തോട്ടത്തിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ചുഴുപ്പിന് സമീപം കാർ റോഡിൽ വട്ടംമറിഞ്ഞ് കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും റോഡിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്നത്.
പഴയ കെകെ റോഡ് ദേശീയപാതയായി ഉയർത്തി നാമകരണം ചെയ്തതല്ലാതെ റോഡിന്റെ വീതി കൂട്ടുകയോ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ, വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തു. ഇതോടെ വാഹനാപകടങ്ങളും പെരുകുകയാണ്.
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാത നാലുവരി പാതയാക്കി ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന ജനപ്രതിനിധികളുടെ വാഗ്ദാനമാണ് ഇനിയുള്ള പ്രതീക്ഷ.