ഭർതൃസഹോദരൻ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍
1532050
Tuesday, March 11, 2025 11:56 PM IST
ചങ്ങനാശേരി: ഭർത്താവിന്റെ സഹോദരന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടർന്ന് 80 ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. ചങ്ങനാശേരി പറാല്‍ പ്രിയ നിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന വേണുഗോപാലിനു (62) നേരെയാണ് ആക്രമണമുണ്ടായത്.
വേണുഗോപാലിന്റെ അനുജന് രാജുവാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയ ദ്രാവകം പ്രസന്നയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന വേണുഗോപാല്‍ ഭാര്യ പ്രസന്നയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ക്കും സാരമായ പൊള്ളലേറ്റു. അക്രമം നടത്തിയ രാജുവിനെ സംഭവത്തിനു ശേഷം വിഷം കഴിച്ച് അവശനിലയില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം കണ്ടെത്തി.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളില്‍ചെന്ന രാജുവിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്താല്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കൂവെന്നും രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി ഉണ്ടായിരുന്ന വൈരാഗ്യമാണ് പ്രശ്നത്തില്‍ കലാശിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കോട്ടയത്ത് താമസിക്കുന്ന രാജു ലോട്ടറിക്കച്ചവടക്കാരനാണ്. വര്‍ഷങ്ങളായി പറാലിലെ കുടുംബവുമായി അകന്ന് കഴിയുകയാണ് ഇയാളെന്നും പറയുന്നു.