തുഷാർ ഗാന്ധി നാളെ അരുവിത്തുറ കോളജിൽ
1532055
Tuesday, March 11, 2025 11:56 PM IST
അരുവിത്തുറ: മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി നാളെ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വിദ്യാർഥികളുമായി സംവദിക്കും.
വൈക്കം സത്യഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളജിലെ ഇംഗ്ലീഷ് പിജി റിസർച്ച് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. കാമ്പസിൽ തയാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും.
10.30നു നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യഗ്രഹവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിക്കും.