പരിശോധന ശക്തമാക്കിയിട്ടും മാലിന്യംതള്ളലിനു കുറവില്ല
1532054
Tuesday, March 11, 2025 11:56 PM IST
പാലാ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളുന്നതിനെതിരേ പരിശോധന ശക്തമാക്കിയിരുന്നുവെങ്കിലും പാലായിലെ പ്രധാന റോഡുകളുടെ വശങ്ങളില് മാലിന്യം തള്ളുന്നതിന് കുറവില്ല.
കിഴതടിയൂര്‍ ബൈപാസിലും കൊട്ടാരമറ്റം കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലുമാണ് ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം തള്ളിയത്. മാലിന്യം ഇവിടെ സ്ഥിരമായി തള്ളുന്നതിനാല്‍ കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തട്ടുകടകളിലേതടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലുമാണ്.
വാര്‍ഡ് കൗണ്‍സിലര്‍ വി.സി. പ്രിന്‍സിന്റെ നേതൃത്വത്തില്‍ നഗരസഭ മാലിന്യം നീക്കം ചെയ്തു. മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നും സിസിടിവി സ്ഥാപിക്കുമെന്നും പ്രിന്‍സ് പറഞ്ഞു. റെസിഡന്റ്സ് അസോസിയേഷനും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.