വീട്ടുകാരെ അറിയിക്കാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം
1532289
Wednesday, March 12, 2025 6:38 AM IST
നീണ്ടൂർ: വീട്ടുകാരെ അറിയിക്കാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തെത്തിയ ബാങ്ക് അധികൃതർ വീടിന്റെ മുൻവാതിലും പിൻവാതിലും പൂട്ടി സീൽ ചെയ്യുകയായിരുന്നെന്നാണ് ആരോപണം. ഇതോടെ മരുന്നും വസ്ത്രവും ഭക്ഷണ സാധനങ്ങളും സമ്പാദ്യവും ഒന്നും എടുക്കാൻ സാധിക്കാതെ വീട്ടുകാർ പ്രതിസന്ധിയിലായി.
നീണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഡെപ്യൂട്ടി കവലയ്ക്ക് സമീപം താമസക്കാരനായ ആനിവേലിച്ചിറയിൽ ഫൽഗുനനും ഭാര്യ മിനിയുമാണ് പ്രതിസന്ധിയിലായത്. ഇന്നലെ ബന്ധുവീട്ടിലാണ് ഇവർ അന്തിയുറങ്ങിയത്. ഫൽഗുനൻ കൂലിപ്പണിക്കും മിനി അടുത്ത ബന്ധുവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ സഹായിയായി പോവുകയും ചെയ്ത സമയത്താണ് ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തീകരിച്ചത്.
സർഫാസി ആക്ട് പ്രകാരം വീട് ജപ്തി ചെയ്തു സ്വന്തമാക്കിയിരിക്കുന്നതായാണ് ബാങ്ക് ബോർഡ് വച്ചിരിക്കുന്നത്.
മകളുടെ പേരിലും മറ്റൊരാളുടെ പേരിലുമായി 25 ലക്ഷം രൂപയാണ് ഇവർ വീടും സ്ഥലവും വാങ്ങുന്നതിനായി കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നത്. ജപ്തി നടപടി ശ്രദ്ധയിൽപ്പെട്ടെന്നും ബാങ്ക് അധികൃതരുമായി ബന്ധപ്പെടുമെന്നും നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു.