പ്രളയത്തിൽ അപകടാവസ്ഥയിലായ കടവുപുഴ പാലം തകർന്നുവീണു
1532010
Tuesday, March 11, 2025 10:34 PM IST
മൂന്നിലവ്: പ്രളയത്തിൽ അപകടാവസ്ഥയിലായ കടവുപുഴ പാലം തകർന്നുവീണു. ഇന്നലെ രാവിലെ പാലത്തിലൂടെ വലിയ ക്രെയിൻ കടന്നുപോയതിനു പിന്നാലെയാണ് ഒരു ഭാഗം ആറ്റിൽ പതിച്ചത്. ഇതോടെ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാർഡുകൾ പൂർണമായും ഒറ്റപ്പെട്ടു.
പാലം അപകടാവസ്ഥയിലായതിനുശേഷം ചെറുവാഹനങ്ങൾ മാത്രമാണ് കടന്നുപോയിരുന്നത്. ഇപ്പോൾ കാൽനടയാത്ര പോലും മുടങ്ങിയ നിലയിലാണ്. കടവുപുഴ, മേച്ചാൽ, ചക്കിക്കാവ് പ്രദേശത്തുള്ളവർ പഞ്ചായത്ത് ആസ്ഥാനമായ മൂന്നിലവിൽ എത്താൻ ഇനി 12 കിലോമീറ്റർ അധികമായി യാത്ര ചെയ്യണം. ഒലിച്ചുപോയ റോഡും പാലവും പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി, പൊതുമരാമത്തുമന്ത്രി എന്നിവർക്കു നിവേദനം നൽകിയെങ്കിലും പാലം പണി മാത്രം നടന്നില്ല.
2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും പാലത്തിന്റെ തൂണിൽനിന്നു സ്ലാബ് തെന്നിമാറുകയുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണിൽ ഉണ്ടായിരുന്നത്. ഈ സ്ലാബാണ് ആറ്റിൽ പതിച്ചത്.
പാലം സന്ദർശിച്ച മന്ത്രി വി.എൻ. വാസവൻ പട്ടികവർഗ വികസന ഫണ്ടിൽനിന്നു മൂന്നു കോടി രൂപ അനുവദിക്കുമെന്നും മാണി സി. കാപ്പൻ എംഎൽഎയുടെ 2023ലെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള അഞ്ചുകോടി രൂപയിൽ നാലു കോടി രൂപയും കടവുപുഴ പാലം പുനർനിർമിക്കുവാൻ മാറ്റിവച്ചെന്നും പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടിയൊന്നുമായില്ല.