കർഷകരെ അവഗണിക്കരുത്: ഇൻഫാം മണിപ്പുഴ ഗ്രാമസമിതി
1531772
Tuesday, March 11, 2025 12:05 AM IST
എരുമേലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയ്ക്കെതിരേ ഇൻഫാം മണിപ്പുഴ ഗ്രാമസമിതി പ്രമേയം പാസാക്കി.
കർഷകർക്കും കാർഷികവിളകൾക്കുമെതിരേ കാട്ടുമൃഗങ്ങളുടെ ആക്രമണം അനുദിനം വർധിക്കുന്നത് തടയാൻ കഴിയുന്നില്ലയെന്നത് അനീതിയാണ്. വനാതിർത്തി കടന്ന് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി തേർവാഴ്ച നടത്തുകയാണ്. ആനകൾ, കാട്ടുപോത്ത്, കാട്ടുപന്നികൾ, കുരങ്ങ്, മലയണ്ണാൻ എന്നിവ കാർഷികവിളകൾ നശിപ്പിക്കുകയും മനുഷ്യജീവനു തന്നെ ഭീഷണിയുമായിരിക്കുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ കണമല, തുലാപ്പള്ളി പ്രദേശങ്ങളിൽ ഏതാനും മനുഷ്യരുടെ ജീവൻ വന്യമൃഗ ആക്രമണം മൂലം നഷ്ടപ്പെട്ടത് ഇനി ആവർത്തിക്കപ്പെടരുതെന്ന് പ്രമേയത്തിൽ ഇൻഫാം ഗ്രാമസമിതി ആവശ്യപ്പെട്ടു.
ഭക്ഷ്യവിഭവങ്ങളും നാണ്യവിളകളും ഉത്പാദിപ്പിക്കുകയും സർക്കാരിന് നാനാതരത്തിൽ നികുതി നൽകുകയും ചെയ്യന്ന കർഷകൻ നിലനിൽപ്പിനുവേണ്ടി നെട്ടോട്ടമോടുകയാണ്. കൃഷി കുറഞ്ഞ് കാർഷിക മേഖല നാമവശേഷമാവുകയാണ്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് നാമമാത്ര നഷ്ടപരിഹാരം നൽകുന്നതുകൊണ്ട് മാത്രം കാർഷികരംഗം രക്ഷപ്പെടുകയില്ല. കൃഷിക്കും കർഷകനും സർക്കാർ സംരക്ഷണവും പ്രോത്സാഹനവും നൽകണം. വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിർത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജോസഫ് കുഴിക്കാട്ട്, പ്രസിഡന്റ് ജെയ്സൺ കുന്നത്തുപുരയിടം, താലൂക്ക് പ്രതിനിധി സെബാസ്റ്റ്യൻ പറയരുതോട്ടം, വൈസ് പ്രസിഡന്റ് എം.എ. ഏബ്രഹാം മങ്കന്താനം, ട്രഷറർ ഷിജു കുഴിപ്പാല, സെക്രട്ടറി മാത്തച്ചൻ കൊടക്കനാൽ എന്നിവർ പ്രസംഗിച്ചു.