വൈക്കം ബോട്ടുജെട്ടി ചരിത്ര സ്മാരകമാക്കാനുള്ള പദ്ധതി പ്രവർത്തനം നിലച്ചിട്ട് മൂന്നുവർഷം
1531710
Monday, March 10, 2025 7:23 AM IST
വൈക്കം: അധസ്ഥിത ജനവിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാൻ മഹാത്മാഗാന്ധി നൂറു വർഷം മുമ്പ് വന്നിറങ്ങിയ വൈക്കം ബോട്ടുജെട്ടി ചരിത്രസ്മാരകമാക്കാനുള്ള പദ്ധതി പ്രവർത്തനം നിലച്ചിട്ട് മൂന്നുവർഷം.
അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടർന്ന് മഴക്കാലത്ത് ബോട്ടുജെട്ടി ചോർന്നൊലിക്കുന്ന നിലയിലാണ്. രാജഭരണ കാലത്തെ ശംഖുമുദ്രയുടെ ഗരിമ പേറുന്ന നൂറ്റാണ്ടു പിന്നിട്ട ബോട്ടുജെട്ടിയാണ് അധികൃതരുടെ അവഗണനയാൽ പുനർനിർമ്മിക്കപ്പെടാതെ നശിക്കുന്നത്.
ബോട്ടുജെട്ടി തനിമ ചോരാതെ പുനർ നിർമിച്ച് ചരിത്രസ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ 42ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പഴയ ബോട്ടുജെട്ടിയുടെ കായലിലേക്കു നീണ്ട പ്ലാറ്റ്ഫോം വീതി കൂട്ടി പുനർനിർമിച്ച് ടൈൽ പാകിയിരുന്നു.
ബോട്ടുജെട്ടി കെട്ടിടത്തിന്റെ തടിമേൽക്കുരയ്ക്ക് മീതെ ആസ്ബറ്റോസ് ഷീറ്റാണ് വിരിച്ചിട്ടുള്ളത്. കായലോരത്ത് ഉപ്പു കാറ്റേറ്റ് പൊടിഞ്ഞ് നശിക്കാതിരിക്കാൻ ഇഷ്ടിക ഭിത്തിക്കു പകരം പലകകളാണ് ഉപയോഗിച്ചിരിക്കുന്നത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലും ചരിത്രത്തിന്റെ ഭാഗമായ പഴയ ബോട്ടുജെട്ടി കെട്ടിടം പുനർനിർമിച്ച് സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പരക്കെ അമർഷമുണ്ട്.