മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനു മുമ്പില്‍ മില്ലുകളുടെ കിഴിവുകൊള്ളയ്ക്കെതിരേ നെല്‍കര്‍ഷക കുടുംബസംഗമം നാളെ
1531717
Monday, March 10, 2025 7:26 AM IST
ചങ്ങനാശേരി: പുഞ്ചകൃഷി നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ല് ഉടമകള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കര്‍ഷകരെ പിഴിഞ്ഞ് കിഴിവ് ആവശ്യപ്പെടുന്നതിനെതിരേ നെല്‍ക്കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനുമുമ്പില്‍ കര്‍ഷക കുടുംബ സംഗമം നടത്താന്‍ തീരുമാനം.
കാലാവസ്ഥയെയും പ്രകൃതിദുരന്തങ്ങളെയും ഉദ്യോഗസ്ഥ അനാസ്ഥകളെയും അതിജീവിച്ച് നെല്ല് ഉത്പാദിപ്പിച്ച കര്‍ഷകന്റെ ആത്മവീര്യം കെടുത്തുന്നതാണ് കിഴിവ് കൊള്ളയെന്ന് നെല്‍കര്‍ഷക സമിതി ആരോപിച്ചു. നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പതിന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസ് പടിക്കല്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ നെല്‍കര്‍ഷകരാണ് കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച ആലോചനാ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കൽ, പി. വേലായുധന് നായര്‍, കെ.ബി. മോഹനന്, റോയ് ഊരംവേലി, ഷാജി മുടന്താഞ്ഞിലി,
വിശ്വനാഥപിള്ള ഹരിപ്പാട്, അഡ്വ. ജയന് ചെറുതന, സന്തോഷ് പറമ്പിശേരി, എ.ജെ. ചാക്കോ, സുഭാഷ് പറമ്പിശേരി, സുനു പി. ജോര്‍ജ്, ജോബി മൂലംകുന്നം, സ്റ്റീഫന്‍ സി. ജോസഫ്, മാത്യു തോമസ്, ഇ.ആര്. രാധാകൃഷ്ണപിള്ള തകഴി, ഇ.എന്‍. ശര്‍മ തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.