എസ്ബിയിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ സൗഹൃദ കൂട്ടായ്മ ഫ്ളെഡ് ലൈറ്റ് സജ്ജമാക്കി
1531714
Monday, March 10, 2025 7:23 AM IST
ചങ്ങനാശേരി: സൗഹൃദ കൂട്ടായ്മയുടെ നാല്പത് വര്‍ഷം തികയുന്ന 2025ല്‍ ഒരു സംഘം സുഹൃത്തുക്കള്‍ തങ്ങള്‍ പഠിച്ച എസ്ബി കോളജിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന് ഫ്ളെഡ് ലൈറ്റ് നിര്‍മിച്ചു നല്കി.
1985ല്‍ ചങ്ങനാശേരിലെ വിവിധ സ്കൂളുകളില്‍ പത്താംക്ലാസ് പാസായി ചങ്ങനാശേരി എസ്ബി കോളജില്‍ പ്രീഡിഗ്രിക്കു പഠിച്ചവര്‍ ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മയാണ് ഫ്രണ്ട്സ് 85.
നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും എല്ലാ വര്‍ഷവും മുടക്കമില്ലാതെ കുടുംബസംഗമവും സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് 85 റൂബി ജൂബിലിയുടെ ഭാഗമായാണ് എസ്ബി കോളജിന്റെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിൽ ഫ്ളെഡ് ലൈറ്റ് സംവിധാനം സജ്ജമാക്കിയത്. ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് സംവിധാനമേര്‍പ്പെടുത്തിയത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലെ ഫ്ളെഡ്ലൈറ്റ് സ്വിച്ച്ഓണ്‍ ചെയ്തു. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.