ചങ്ങനാശേരിയില്‍ വനിതകളുടെ മെഗാ വാക്കത്തോണ്‍ ഇന്ന്
1531716
Monday, March 10, 2025 7:26 AM IST
ചങ്ങനാശേരി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍, വനിതാ ശക്തിയെയും ആത്മവിശ്വാസത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന വനിതകളുടെ മെഗാ വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
സ്റ്റെപ്പ് എഗൈന്‍സ്റ്റ് ഡാര്‍ക്നെസ് എന്ന സന്ദേശവുമായി നടത്തുന്ന നൈറ്റ് വാക്കത്തോണ്‍ ഇന്നു രാത്രി ഏഴിന് ആരംഭിക്കും. സര്‍ഗക്ഷേത്ര വിമന്‍സ് ഫോറം, സെന്റ് ബര്‍ക്ക്മാന്‍സ് കോളജ്, അസംപ്ഷന്‍ കോളജ്, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, മീഡിയ വില്ലേജ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക സംഘടനകള്‍ സഹകരിക്കും.
പെരുന്ന സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന മെഗാ വാക്കത്തോണ്‍ എസ്ബി കോളജ് മൈതാനിയില്‍ അവസാനിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഫ്ളാഗ് ഓഫ് ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, പ്രശസ്ത സിനിമതാരം കൃഷ്ണപ്രഭ എന്നിവര്‍ മുഖ്യാതിഥികളാകും.
പ്രശസ്ത വനിതാ ഡിജെ ഏലിയന്ലാന്സിന്റെ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ വനിതകളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.