ജില്ലയില്‍ ശേഖരിച്ചത് 11 ടണ്‍ ഇ-മാലിന്യം
1531737
Tuesday, March 11, 2025 12:04 AM IST
കോട്ടയം: കുമിഞ്ഞുകൂടുന്ന ഇ- മാലിന്യങ്ങള്‍ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട. ഇവ ശേഖരിച്ച് റീ സൈക്കിള്‍ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഇ-വേസ്റ്റ് കളക്ഷന്‍ ഡ്രൈവിന്റെ ആദ്യഘട്ടം ജില്ലയില്‍ വിജയം.
തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവ ചേര്‍ന്ന് നടപ്പാക്കിയ ഇ-വേസ്റ്റ് കളക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ മൂന്നു തദ്ദേശ സ്ഥാപനങ്ങളില്‍നിന്നായി ഹരിതകര്‍മ സേനാംഗങ്ങള്‍ നീക്കം ചെയ്തത് 11 ടണ്‍ ഇ-മാലിന്യം. ചങ്ങനാശേരി, വൈക്കം നഗരസഭകളില്‍നിന്ന് മൂന്നു ടണ്വീതവും കുറിച്ചി പഞ്ചായത്തില്‍നിന്ന് അഞ്ചു ടണ്ണും ഇ-വേസ്റ്റാണ് മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നീക്കം ചെയ്തത്.
സംസ്ഥാനത്താകെ അഞ്ച് തദ്ദേശസ്ഥാപനങ്ങളെയാണ് ആദ്യഘട്ടം എന്ന നിലയ്ക്ക് ഇ-മാലിന്യം ശേഖരിക്കുന്നതിനായി തെരഞ്ഞെടുത്തത്. അതില്‍ മൂന്നെണ്ണം ജില്ലയിലേതാണ്. ചങ്ങനാശേരി, വൈക്കം നഗരസഭകളും കുറിച്ചി പഞ്ചായത്തും. ബാക്കി രണ്ട് തദ്ദേശസ്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലേതാണ്. ഇ- മാലിന്യങ്ങള്‍ക്ക് വില നല്‍കിയാണ് ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്. പിന്നീട് ശാസ്ത്രീയ സംസ്കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. പരിസ്ഥിതിക്ക് വിനാശകരമായ ഇ-മാലിന്യങ്ങള്‍ പരമാവധി റീസൈക്കിള്‍ ചെയ്യുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
എല്‍സിഡി, എല്‍ഇഡി ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, വാട്ടര്‍ കൂളര്‍, ലാപ്ടോപ് തുടങ്ങി 44 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഓരോന്നിനും വില നിശ്ചയിച്ചിട്ടുണ്ട്. തൂക്കം കണക്കാക്കി വില നല്‍കും.
സിഎഫ്എല്‍ ലാമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍, മാഗ്നെറ്റിക് ടേപ്പ്, ഫ്ലോപ്പി, ലൈറ്റ് ഫിറ്റിംഗ്സ് തുടങ്ങിയ ആപത്കരമാലിന്യങ്ങള്ക്ക് വില ലഭിക്കില്ല. ഇവ ശേഖരിച്ചുകൊണ്ടുപോകുന്നതിന് അതത് തദ്ദേശസ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് പണം നല്‍കണം.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ നടത്തിയ കളക്ഷന്‍ ഡ്രൈവില്‍ ചങ്ങനാശേരി നഗരസഭയിലെ 37 വാര്‍ഡുകളില്‍നിന്നായി 3033.62 കിലോഗ്രാം ഇ-മാലിന്യം നീക്കം ചെയ്തു. ഫെബ്രുവരി 23 മുതല്‍ 27 വരെ നടന്ന ഡ്രൈവിലൂടെ കുറിച്ചി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍നിന്നായി 5250.1 കിലോഗ്രാം ഇ-മാലിന്യവും നീക്കംചെയ്തു. ഒന്നാം വാര്‍ഡില്‍ നിന്നുമാത്രം 853 കിലോഗ്രാം ശേഖരിച്ചു. വൈക്കം നഗരസഭയിലെ 26 വാര്‍ഡുകളിലായിരുന്നു ഡ്രൈവ്. 3072.836 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ചു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് നാലു വരെയാണ് വൈക്കത്ത് ഡ്രൈവ് സംഘടിപ്പിച്ചത്.