ബസിൽ വീണു പരിക്കേറ്റ അന്ധരായ വിദ്യാർഥിയെയും അമ്മയെയും ബസിൽനിന്ന് ഇറക്കിവിട്ടു
1531738
Tuesday, March 11, 2025 12:04 AM IST
പള്ളിക്കത്തോട്: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബസിൽ വീണു പരിക്കേറ്റ അന്ധരായ വിദ്യാർഥിയെയും അമ്മയെയും ബസിൽനിന്നു വഴിയിൽ ഇറക്കിവിട്ടതായി പരാതി.
ആനിക്കാട് വെസ്റ്റ് ചപ്പാത്ത് പൈക്കലിൽ ആരോൺ ബെന്നിയെയും അമ്മ നെജീന മേരിയെയുമാണ് ബസിൽനിന്ന് ഇറക്കി വിട്ടതതായി പരാതി. ഇന്നലെ രാവിലെ 8.30ന് കോട്ടയം-എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന സ്വകാര്യബസിലാണ് സംഭവം.
മുക്കാലി ചപ്പാത്തിൽനിന്നു ബസിൽ കയറിയ അന്ധരായ ഇരുവരും ഇരിപ്പിടം ചോദിച്ചെങ്കിലും ആൾക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞ് ബസ് ജീവനക്കാരൻ ഇരിപ്പിടം നിഷേധിച്ചു. ബസ് കുറച്ച് ദൂരം സഞ്ചരിക്കവേ എതിരെ മറ്റൊരു വാഹനം വന്നപ്പോൾ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോൾ ബസിലുണ്ടായിലുന്ന ആരോൺ തല ഇടിച്ച് ബസിൽ വീണ് പരിക്കേറ്റു. മുറിവേറ്റ ആരോണിന് പ്രാഥമിക ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ മറ്റൊരു വാഹനം തരപ്പെടുത്തി കൊടുക്കാനോ ബസ് ജീവനക്കാർ തയാറായില്ല. പകരം ഇളപ്പുങ്കൽ സ്റ്റോപ്പിൽ ഇരുവരെയും ഇറക്കിവിട്ടു.
15 വർഷമായി റെജീന ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്.
കാളകെട്ടി അസീസിയ അന്ധവിദ്യാലയത്തിലെ അധ്യാപികയാണ് റെജീന. ഷാരോൺ ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കൂടാതെ സംസ്ഥാന സർക്കാരിന്റെ 2023ലെ ഉജ്വല ബാല്യം പുരസ്കാരം നേടിയ വ്യക്തിയാണ്.
ഭിന്നശേഷിക്കാരായ ഇരുവർക്കും അനുവദിച്ചിരിക്കുന്ന ഇരിപ്പിടം കൊടുക്കാൻ തയാറാകാത്ത ബസ് ജീവനക്കാരുടെ നടപടിക്കെതിരേ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ആരോണിന്റെ പിതാവ് ബെന്നി ഏബ്രഹാം.