ഗതിവേഗംകൂട്ടി മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു
1531728
Monday, March 10, 2025 10:37 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ഗതിവേഗം കൂട്ടി മേല്‍പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൂണുകളുടെ കോണ്ക്രീറ്റിംഗിന്റെ നിര്‍മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിച്ചു.
ദേശീയപാത 183ല്‍ പഞ്ചായത്ത് പടിക്കല്‍നിന്ന് ആരംഭിച്ച് ചിറ്റാര്‍പുഴയ്ക്കും മണിമല റോഡിനും കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ദേശീയപാതയ്ക്കു സമീപമുള്ള ആദ്യത്തെ തൂണിന്റെ കോണ്‍ക്രീറ്റിംഗാണ് ആരംഭിച്ചത്. നാലു പില്ലറുകളിലായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരംഭിച്ചത്. അടുത്ത പില്ലറിന്റെ സ്ഥാനം മണിമല റോഡരികില്‍ വരുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാല്‍ ആദ്യരണ്ടു പില്ലറുകള്‍ നിര്‍മിച്ച ശേഷമാകും മറ്റുള്ളവ നിര്‍മിക്കുക.
ആദ്യഘട്ട നിര്‍മാണം 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു. ബൈപാസ് അവസാനിക്കുന്ന ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ടാറിംഗ് ജോലികളുടെ ഭാഗമായി മെറ്റൽ നിരത്തുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുന്പിലെ മണ്ണ് മാറ്റിയിരുന്നു. ദേശീയ പാതയിൽനിന്നു ബൈപാസിലേക്കു തിരിയുന്ന ഇവിടെ റൗണ്ടാന നിർമിക്കാനാണ് പദ്ധതി. ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തും. ഇവിടെ നിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കുംമീതയുള്ള മേൽപ്പാലം നിർമിക്കുന്നത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണു പദ്ധതിയുടെ നിര്‍മാണച്ചുമതല. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോമീറ്ററാണ്.