ഫയർഫോഴ്സ് കിണറ്റിൽ ഇറങ്ങിയത് ഓക്സിജനുമായി
1531466
Sunday, March 9, 2025 11:44 PM IST
എരുമേലി: എരുമേലി ടൗണിനടുത്ത് ഇന്നലെ രണ്ടുപേർ കിണറ്റിൽ അകപ്പെട്ടതറിഞ്ഞ് ഉടൻ രക്ഷാ പ്രവർത്തനത്തിന് എത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് യുണിറ്റ് അംഗങ്ങൾ കിണറ്റിൽ ഇറങ്ങിയത് ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിച്ച്. ഫയർമാൻ മഹേഷ് ഓക്സിജൻ സിലിണ്ടർ ധരിച്ച് മാസ്ക് ഉപയോഗിച്ച് ശ്വസിച്ചാണ് ആദ്യം ഇറങ്ങിയത്. കിണറ്റിൽ എത്തിയ ശേഷം സിലിണ്ടർ തുറന്ന് ഓക്സിജൻ സ്പ്രേ ചെയ്ത് വായു സാന്നിധ്യം വർധിപ്പിച്ചു. ഇതിന് ശേഷമാണ് ഫയർമാൻ റെജിമോൻ സഹായത്തിനായി ഇറങ്ങിയത്.
കിണർ തേകി വൃത്തിയാക്കാൻ ഇറങ്ങിയ കൂവപ്പള്ളി പാക്കേകാവുങ്കൽ അനീഷ് (49), രക്ഷിക്കാൻ ഇറങ്ങിയ എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാൽപുരയിടത്തിൽ ഗോപകുമാർ (ബിജു -48) എന്നിവരാണ് ഇന്നലെ മരിച്ചത്. കിണറ്റിൽ കുഴഞ്ഞു വീണ നിലയിൽ ആയിരുന്നു ബിജുവും അനീഷും കിടന്നിരുന്നത്. തുടർന്ന് വലയ്ക്കുള്ളിൽ കിടത്തിയാണ് കിണറ്റിൽ നിന്ന് ഇവരെ ഓരോരുത്തരെ ആയി പുറത്തേക്ക് എത്തിച്ചത്. ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ ഇരുവരെയും ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിണറ്റിൽ വച്ചുതന്നെ ഇരുവരും മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ അനിൽ ജോർജ്, ഗ്രേഡ് ഓഫീസർ കെ.എസ്. സുദർശനൻ, ഫയർമാന്മാരായ മഹേഷ്, അജ്മൽ അഷറഫ്, പി.വി. റെജിമോൻ, ഡ്രൈവർ അനീഷ് മണി, ഹോം ഗാർഡ് കെ.എസ്. സുരേഷ് എന്നിവർ ചേർന്നാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
കിണറ്റിൽ ഇറങ്ങുന്നത് സുരക്ഷ
ഉറപ്പാക്കിയാകണമെന്ന് ഫയർഫോഴ്സ്
എരുമേലി: കിണർ വൃത്തിയാക്കുന്നതിനും മറ്റും ഇറങ്ങുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ മുൻകരുതൽ രക്ഷാഒരുക്കങ്ങൾ നടത്തിയിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.എസ്. ഓമനക്കുട്ടൻ പറഞ്ഞു.
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. ഉപയോഗം ഇല്ലാത്ത കിണറുകളിലും മോട്ടോർ പമ്പ് ഉപയോഗിക്കുന്ന കിണറുകളിലും ഓക്സിജൻ അളവ് താഴ്ന്ന നിലയിലാകാൻ സാധ്യത ഏറെയാണെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കിണറിന്റെ അടിത്തട്ടിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വിഷവാതകമുണ്ടാകാൻ സാധ്യതയേറെയാണ്. കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് ഓക്സിജന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിന് മരശിഖരത്തിന്റെ പച്ചിലചില്ല കിണറിനുള്ളിൽ താഴേക്കും മുകളിലേക്കും പല തവണ ഇറക്കുന്നത് നല്ലതാണെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഓമനക്കുട്ടൻ പറയുന്നു.
തൊട്ടിയിൽ മെഴുകുതിരി കത്തിച്ചു വച്ച ശേഷം കപ്പി ഉപയോഗിച്ച് തൊട്ടി ഇറക്കണമെന്നും കിണറിന്റെ അടിയിൽ വച്ച് മെഴുകുതിരി കെട്ടാൽ ഓക്സിജൻ ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിണറ്റിൽ ഇറങ്ങുമ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നുന്ന പക്ഷം താഴേക്ക് ഇറങ്ങാൻ ശ്രമിക്കാതെ ഉടൻ തന്നെ തിരികെ കയറണമെന്നും അദ്ദേഹം പറഞ്ഞു.