പള്ളിവാതിൽ ചെക്ക്ഡാം അറ്റകുറ്റപ്പണിക്ക് ടെൻഡർ നടപടികൾ പൂർത്തിയായി
1531461
Sunday, March 9, 2025 11:44 PM IST
തീക്കോയി: ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിനു കുറുകേയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി ആറു ലക്ഷം രൂപ ചെക്ക്ഡാമിന്റെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്ത് അനുവദിച്ചിരുന്നു.
2003ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമിച്ച ഡാം കാലപ്പഴക്കം കൊണ്ട് മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരുന്നു. ചെക്ക്ഡാം പൊളിഞ്ഞതോടുകൂടി വലിയതോതിൽ ചോർച്ച സംഭവിച്ചതുകൊണ്ട് ജലം സംഭരിക്കാൻ ബുദ്ധിമുട്ടായി. കൂടാതെ ഡാമിൽ കനത്തതോതിൽ ചെളിയും എക്കലും മണലും അടിഞ്ഞുകൂടി ജലസംഭരണശേഷി കുറയുകയും ചെയ്തു.
ആറു വാർഡുകളിലേക്കുള്ള ജലനിധി പദ്ധതികൾ ഈ ചെക്ക്ഡാമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടുകൂടിയാണ് ഡാം മെയിന്റനൻസ് ചെയ്യുന്നതെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.