നെടുംതോട് പാലത്തിന്റെ വീതികൂട്ടൽ; പൂർത്തിയാക്കിയത് തൂണുകൾ മാത്രം
1491961
Thursday, January 2, 2025 10:04 PM IST
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ടൗണിലെത്താതെ കോരുത്തോട് വഴി ശബരിമലയ്ക്ക് പോകാനുള്ള എളുപ്പ വഴിയാണ് മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ-വണ്ടൻപതാൽ റോഡ്. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടുകൂടി നിരവധി തീർഥാടന വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.
മുപ്പത്തഞ്ചാംമൈലിൽനിന്നു വണ്ടൻപതാലിലേക്ക് വാഹനങ്ങൾ തിരിഞ്ഞു കയറുന്ന ഭാഗത്തെ റോഡിനും ഇതിനോട് ചേർന്നുള്ള പാലത്തിനും മതിയായ വീതിയില്ല. അതുകൊണ്ടുതന്നെ തീർഥാടന വാഹനങ്ങൾ ദേശീയപാതയിൽനിന്നു വണ്ടൻപതാൽ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
റോഡിന്റെ മറ്റെല്ലാ ഭാഗങ്ങളും നവീകരിച്ചെങ്കിലും മുപ്പത്തഞ്ചാംമൈൽനിന്നു തിരിഞ്ഞു കയറുന്ന 50 മീറ്റർ താഴെ മാത്രം ദൂരം റോഡിന് വീതിയില്ലാത്തത് ദേശീയപാതയിലും മുപ്പത്തഞ്ചാംമൈൽ ടൗണിലും ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. വണ്ടൻപതാലിലേക്ക് തിരിയുന്ന ഭാഗത്ത് എതിർദിശയിൽ രണ്ട് വാഹനങ്ങളെത്തിയാൽ അത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും ഇടയാക്കും.
റോഡ് വികസനത്തിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കു മുമ്പ് നെടുംതോടിന് കുറുകെയുള്ള പാലം വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. നിയമക്കുരുക്കിൽപ്പെട്ടാണ് അന്ന് നിർമാണ പ്രവർത്തനം നിലച്ചത്. എന്നാൽ, ഇത്തരം നിയമപ്രശ്നങ്ങളെല്ലാം ഒഴിവായി വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിന്റെ തുടർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല.
വീതി കുറഞ്ഞ റോഡിലൂടെ തീർഥാടക വാഹനങ്ങളടക്കം കടന്നുവരുമ്പോൾ അത് കാൽനട യാത്രക്കാർക്കടക്കം വലിയ ബുദ്ധിട്ട് സൃഷ്ടിക്കുകയാണ്. റോഡിന്റെയും പാലത്തിന്റെയും വീതികൂട്ടി മേഖലയിലെ വാഹനയാത്ര സുഗമമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.