ശബരിമല പാതയിൽ മിനി ബസ് മറിഞ്ഞ് രണ്ടു പേർക്കു പരിക്ക്
1491952
Thursday, January 2, 2025 10:04 PM IST
പമ്പാവാലി: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് ളാഹ വിളക്കുവഞ്ചിയിലാണ് അപകടം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല തീർഥാടന അവലോകന യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന വനംമന്ത്രി എ.കെ. ശശീന്ദ്രൻ അപകടം കണ്ട് ഇറങ്ങി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
18 പേരടങ്ങുന്ന തീർഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടമുണ്ടായത്. വലിയ ഗർത്തമുള്ള ഭാഗത്തേക്ക് മറിഞ്ഞ വാഹനം ക്രാഷ് ബാരിയറിൽ തങ്ങിനിന്നതുമൂലം വൻ അപകടമാണ് ഒഴിവായത്. പരിക്കേറ്റവർ തൂത്തുക്കുടി സ്വദേശികളാണ്. പതിവായി അപകടമുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടാണ് വിളക്കുവഞ്ചി. പോലീസ് ഇവിടെ പ്രത്യേക എയ്ഡ് പോസ്റ്റ് സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ അപകടമുണ്ടായ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പോലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.