എയ്ഞ്ചൽവാലിയിൽ ടേക്ക് എ ബ്രേക്ക് തുറന്നു
1491951
Thursday, January 2, 2025 10:04 PM IST
കണമല: എയ്ഞ്ചൽവാലിയിൽ 35 ലക്ഷം ചെലവിട്ട് നിർമാണം പൂർത്തിയായ ടേക്ക് എ ബ്രേക്ക് പൊതു ശൗചാലയം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ പ്രവർത്തന നടത്തിപ്പ് ഇന്ന് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന ലേലത്തിൽ കൈമാറി നൽകും.
വിശ്രമമുറികളും നാല് ശുചിമുറികളും ലഘു ഭക്ഷണശാലയും ഉൾപ്പെടെയാണ് കെട്ടിടത്തിലുള്ളത്. കുളിക്കടവിന് അടുത്ത് പൊതു ശൗചാലയം വേണമെന്നത് ശബരിമല സീസണിൽ ഉയരുന്ന നിരന്തര ആവശ്യമായിരുന്നു. ഓരോ സീസണിലും നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ കുളിക്കാൻ എത്തുന്നത്. എന്നാൽ, പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാത്തത് ദുരിതമായിരുന്നു. സ്ത്രീകൾ ഉൾപ്പടെ അയ്യപ്പഭക്തർ പലരും നാട്ടുകാരുടെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്.
സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ഐ. അജി, വാർഡ് അംഗം മാത്യു ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, ജെസ്ന നജീബ്, സനിലാ രാജൻ, എം.എസ്. സതീശ്, ടി.വി. ഹർഷകുമാർ, സുനിൽ ചെറിയാൻ, കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറി ബിനോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിടത്തിൽ കുഴൽകിണർ, റൂഫിംഗ് നിർമാണം എന്നിവയ്ക്ക് എട്ടു ലക്ഷം രൂപയുടെ തുടർ പദ്ധതിയായി തയാറാക്കിയിട്ടുണ്ടന്ന് വാർഡ് അംഗം മാത്യു ജോസഫ് അറിയിച്ചു. കുഴൽകിണർ ആകുന്നതു വരെ പമ്പാനദിയിൽനിന്നു വെള്ളം പമ്പ് ചെയ്തെടുക്കാനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.