നിര്‍മിതബുദ്ധിയെ നേര്‍വഴിക്കു നയിക്കാന്‍ സഭയ്ക്ക് കഴിയും: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1491953
Thursday, January 2, 2025 10:04 PM IST
പാലാ: മനുഷ്യന്റെ അന്തസും സാമൂഹികനീതിയും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ വികസനത്തിനും ഉപയോഗത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനുള്ള നിര്‍ണായക പങ്കു വഹിക്കാന്‍ സഭയ്ക്ക് കഴിയുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചൂണ്ടച്ചേരി സെന്റ് ജോസഫ് ഓട്ടോണമസ് എന്‍ജിനിയറിംഗ് കോളജില്‍ ആരംഭിച്ച അന്താരാഷ്ട്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജ്, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിലിജിയനുമായി സഹകരിച്ചാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ വികസനം, വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം നടത്തുന്നത്. പ്രമുഖ അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വ്യവസായ പ്രഫഷണലുകള്‍ എന്നിവരുടെ അവതരണങ്ങളും ചര്‍ച്ചകളും സിമ്പോസിയത്തിലുണ്ട്.
ഇന്നലെ വത്തിക്കാന്‍ ഒബ്സര്‍വേറ്ററി ഡയറക്ടര്‍ ബ്രദര്‍ ഗയ് കോണ്‍സല്‍മാഞ്ഞോ എസ്ജെ, ഗോവ റേച്ചല്‍ സെമിനാരിയിലെ ഡോ. വിക്ടര്‍ ഫെറാവോ, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആൻഡ് റിലിജിയന്‍ ഡയറക്ടര്‍ ഡോ. ജോബ് കോഴാംതടം എസ്ജെ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
ഇന്ന് ന്യുഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ ഡോ. സൊനാജാറിയ മിഞ്ച്, യുഎസ്എയിലെ ലയോള മേരിമൗണ്ട് സര്‍വകലാശാലയിലെ ഡോ. റോയ് പെരേര എസ്ജെ, കൊച്ചി ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബിനോയ് ജേക്കബ് എസ്ജെ, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡേറ്റാ അനലിക്റ്റിസ് ഡയറക്ടര്‍ ഡോ. കെ.കെ. ജോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
കോളജ് ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ റവ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, ഡോ. ജോബ് കോഴാംതടം എസ്ജെ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഇരുന്നൂറോളം പേര് പങ്കെടുക്കുന്ന അന്താരാഷ്ട്ര സിമ്പോസിയം നാളെ സമാപിക്കും.