രാസപദാര്‍ഥങ്ങള്‍ കലക്കി മീന്‍പിടിത്തം; കുടിവെള്ള പദ്ധതികള്‍ മാലിന്യഭീഷണിയിൽ
1491957
Thursday, January 2, 2025 10:04 PM IST
പാലാ: രാസപദാര്‍ഥങ്ങള്‍ കലക്കി മീന്‍പിടിക്കുന്നത് മീനിച്ചിലാറ്റിലെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് മാലിന്യഭീഷണിയായി. തടയണകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ മീന്‍പിടിക്കുന്ന അന്യസംസ്ഥാനങ്ങളില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും എത്തുന്ന സംഘം മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സജീവമായി. എല്ലാം വര്‍ഷവും ഇത്തരം സംഘങ്ങള്‍ എത്താറുണ്ട്.
ഭരണങ്ങാനം മുതല്‍ ചെത്തിമറ്റം വരെ ഇരുപതോളം കുടിവെള്ള പദ്ധതികളുണ്ട്. ഇവയുടെ ജലസ്രോതസ് മീനച്ചിലാറാണ്. വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. മാരകമായ രാസപദാര്‍ഥങ്ങളാണ് മീന്‍ പിടിക്കുന്നതിനായി ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്.
ചെത്തിമറ്റത്ത് രാസപദാര്‍ഥങ്ങള്‍ കലക്കി മീന്‍ പിടിക്കുന്നത് വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി മീന്‍ പിടിക്കുന്ന സംഘം കുടിവെള്ള പദ്ധതികളെ മലിനമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.