ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പൗരോഹിത്യ രജത ജൂബിലി നിറവില്‍
1491221
Tuesday, December 31, 2024 4:14 AM IST
ചങ്ങനാശേരി: അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.
അദ്ദേഹത്തിന്റെ പൗരോഹിത്യരജതജൂബിലി നാളെയാണ്. 1972 ഫെബ്രുവരി രണ്ടിന് ചങ്ങനാശേരി കത്തീഡ്രല്‍ ഇടവക തറയില്‍ ടി.ജെ. ജോസഫ് മറിയമ്മ ദമ്പതികളുടെ മകനായി ജനിച്ച മാര്‍ തോമസ് തറയില്‍ 2000 ജനുവരി ഒന്നിന് മഹാജൂബിലി വര്‍ഷത്തിലാണ് പൗരോഹിത്യം സ്വീകരിച്ചത്. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കൈവയ്പ്പുവഴിയാണ് പൗരോഹിത്യം സ്വീകരിച്ചത്. 2017 ഏപ്രില്‍ 23 ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും മെത്രാഭിഷേകം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റു. 2024 ഒക്ടോബര്‍ 31നാണ് അതിരൂപതയുടെ മെത്രാപ്പോലീത്തായായി സ്ഥാനാരോഹണം ചെയ്തത്.
അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് 2017ല്‍ പ്രഖ്യാപിച്ച പാലിയേറ്റീവ് കെയര്‍ അതിരൂപതയില്‍ പല ഇടവകകളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ഭവന നിര്‍മാണത്തിനായി ലാൻഡ് ബാങ്ക് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
പൗരോഹിത്യസ്വീകരണ രജതജൂബിലി ലളിതമായ ചടങ്ങുകളോടെ ഇന്ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപതയിലെ വിവിധ വകുപ്പുകള്‍ക്കു നേതൃത്വം നല്കുന്ന വൈദികരും അതിരൂപതാകേന്ദ്രത്തില്‍ സേവനം ചെയ്യുന്ന വൈദികരും സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് അധ്യക്ഷനായിരിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട് അനുമോദന സന്ദേശം നല്‍കും. വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജോണ്‍ തെക്കേക്കര എന്നിവര്‍ ആശംസകള്‍ നേരും. മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തും. ജൂബിലിദിനമായ നാളെ രാവിലെ ആറിന് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ തോമസ് തറയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.