ബിജെപിക്ക് ഇനി രണ്ടു ജില്ലാ പ്രസിഡന്റുമാര്‍, കോട്ടയം ഈസ്റ്റും വെസ്റ്റുമായി ജില്ലാ കമ്മിറ്റികള്‍
1491217
Tuesday, December 31, 2024 4:14 AM IST
കോട്ടയം: സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ബിജെപിക്ക് ഇനി രണ്ടു ജില്ലാ പ്രസിഡന്റുമാര്‍. ജില്ലകളെ രണ്ടു ജില്ലാ കമ്മിറ്റികളായി വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പ്രസിഡന്റുമാരും രണ്ടു ജില്ലാ കമ്മിറ്റികളും വരുന്നത്. സംസ്ഥാന വ്യാപകമായി കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളൊഴികെ മറ്റു ജില്ലകളെല്ലാം രണ്ടു ജില്ലാ കമ്മിറ്റികളാക്കി സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നു വരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് ഈ നീക്കം. നിലവിലെ ജില്ലാ കമ്മിറ്റി ഓഫീസിനു പുറമേ ഇനി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസും നിലവില്‍ വരും. പൊന്‍കുന്നം കേന്ദ്രീകരിച്ചായിരിക്കും ജില്ലാ കമ്മിറ്റി ഓഫീസും പ്രവര്‍ത്തനവും.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ല കോട്ടയം ഈസ്റ്റ് എന്ന പേരിലും പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ കോട്ടയം വെസ്റ്റ് എന്ന പേരിലും അറിയപ്പെടും. ബൂത്തു തലം മുതല്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതിനുമായിട്ടുമാണ് ജില്ലയെ വിവിധ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു ജില്ല കമ്മിറ്റികളാക്കിയിരിക്കുന്നത്.
നിലവിലെ ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ കോട്ടയം വെസ്റ്റ് ജില്ലയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരരംഗത്തു വരും. കടുത്തുരുത്തിയില്‍നിന്നുള്ള പി. ബിജുകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ ലിജിന്‍ലാലിന് ഒരു അവസരംകൂടി ലഭിക്കാനാണ് സാധ്യത.
കോട്ടയം ഈസ്റ്റ് ജില്ലയുടെ പ്രസിഡന്റായി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. മധ്യമേഖല പ്രസിഡന്റായി ഹരിക്ക് വീണ്ടും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ അത്ര തത്പര്യമില്ല. സംസ്ഥാനതലത്തില്‍ മറ്റു സ്ഥാനങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം ഹരി ഏറ്റെടുത്തേക്കും. വി. മനോജ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും സജീവമാണ്. അടുത്ത നാളില്‍ ബിജെപിയില്‍ ലയിച്ച ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പേരും ജില്ലാ പ്രസഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഷോണ്‍ താത്പര്യം അറിയിച്ചിട്ടില്ല.