നിയമലംഘനം : ബസ് ഡ്രൈവര്‍മാർക്കെതിരേ നടപടിയുണ്ടാകും
1491216
Tuesday, December 31, 2024 4:14 AM IST
കോട്ടയം: സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസില്‍നിന്ന് യാത്രക്കാരി ഇറങ്ങിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ് ഇടതുവശത്തുകൂടി ഓവര്‍ടേക് ചെയ്ത സംഭവത്തില്‍ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കെതിരേയും അശ്രദ്ധമായി റോഡില്‍ നിര്‍ത്തിയതിനു സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.
കെഎസ്ആര്‍ടിസി വിജിലന്‍സ് ടീം ഇന്നലെ പരിശോധനകള്‍ നടത്തി നിയമലംഘനം നടന്നതായി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കെകെ റോഡില്‍ വാഴൂര്‍ പതിനെട്ടാം മൈലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വകാര്യ ബസില്‍നിന്നിറങ്ങിയ വീട്ടമ്മ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ നിയമലംഘനം സമീപത്തെ കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
സ്വകാര്യ ബസ് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ഇടതുവശത്തുകൂടി പോയതാണെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിശദീകരണം. പള്ളിക്കത്തോട് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്.