തേനി വാഹനാപകടം: ഉറ്റവർക്ക് ജനസാഗരം വിടചൊല്ലി
1491214
Tuesday, December 31, 2024 4:14 AM IST
കുറവിലങ്ങാട്: തേനിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഉറ്റവരും ഉടയവും നാട്ടുകാരുമടക്കമുള്ള ആയിരങ്ങളാണ് വാഹനാപകടത്തിൽ മരിച്ച കുറവിലങ്ങാട് കുര്യം അമ്പലത്തുങ്കൽ ജോബിൻ തോമസ് (33), കാഞ്ഞിരത്തിങ്കൽ സോണിമോൻ (45), കോയിക്കൽ ജെയിൻ തോമസ് (30) എന്നിവർക്ക് അന്ത്യയാത്ര ചൊല്ലാനായി വീടുകളിലും ഇടവക ദേവാലയത്തിലുമെത്തിയത്. മൃതദേഹങ്ങൾ വീടുകളിലെത്തിച്ചതുമുതൽ മരിച്ചവരുടെ വീടുകളിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു.
മൂന്ന് വീടുകളിലും ഒരേസമയത്താണ് സംസ്കാരശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ എത്തിച്ചു. മൃതസംസ്കാരശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജെസ്ബിൻ പുലവേലിൽ എന്നിവർ സഹകാർമികരായി. ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടക്കം ഒട്ടേറപ്പേർ അന്തിമോപചാരമർപ്പിച്ചു.
മക്കളെ പേരെടുത്ത് വിളിച്ച് അമ്മമാർ; ആശ്വസിപ്പിക്കാനാകാതെ ആയിരങ്ങൾ
കുറവിലങ്ങാട്: അലമുറയിട്ട് കരഞ്ഞവരെ ആശ്വസിപ്പിക്കാനാകാതെ ആയിരങ്ങൾ. നൊന്തുപൊറ്റ മക്കളെ പേരെടുത്ത് വിളിച്ച് അമ്മമാർ വാവിട്ട് നിലവിളിച്ചപ്പോഴും ഈറനണിഞ്ഞ മിഴികളോടെ നിൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. ആർക്കും ആരേയും ആശ്വസിപ്പിക്കാൻ കഴിയാത്ത അന്തരീക്ഷം.
പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാനായി ദേവാലയം നിറഞ്ഞുകവിഞ്ഞ് ആളുകളെത്തി. പ്രാർഥനാശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടും ആളുകൾ സെമിത്തേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
അനുശോചനവും ആദരാഞ്ജലിയുമായി പ്രമുഖരും
തേനി വാഹാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഭവനങ്ങളിലെത്തി അനുശോചനമറിയിക്കാനും ആദരാഞ്ജലിയർപ്പിക്കാനും പ്രമുഖരടക്കം അനേകരെത്തി.
ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി തോമസ് ചാഴികാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു ജോൺ, ജോൺസൺ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ന്യുനപക്ഷ ധനകാര്യ കമ്മീഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ട്രാവൻകൂർ സിമിന്റ്സ് ചെയർമാൻ സണ്ണി തെക്കേടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, സിൻസി മാത്യു, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.വി. സുനിൽ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. അനിൽകുമാർ, സി.ജെ. ജോസഫ്, കെ. ജയകൃഷ്ണൻ, സിബി മാണി, സിറിയക് ചാഴികാടൻ, ടി.എസ്.എൻ. ഇളയത്, ബിജു മൂലങ്കുഴ, സദാനന്ദ ശങ്കർ, എസ്. വിനോദ്, വി.കെ. സുരേഷ്കുമാർ, ഷാജി പുതിയിടം തുടങ്ങിയവർ വീടുകളിലും ദേവാലയത്തിലുമെത്തിയവരിൽ ഉൾപ്പെടുന്നു.