മകരവിളക്കിലേക്ക് എരുമേലി: വകുപ്പുകൾ തന്നിഷ്ടത്തിൽ
1491213
Tuesday, December 31, 2024 4:14 AM IST
എരുമേലി: മകരവിളക്ക് സീസൺ ആരംഭിക്കുമ്പോൾ ഏകോപനമില്ലാതെ എരുമേലിയിൽ സർക്കാർ ക്രമീകരണങ്ങൾ. ഓരോ വകുപ്പും എന്ത് ചെയ്യണമെന്ന് ഇതുവരെ നിർദേശം ലഭ്യമായിട്ടില്ല. സാധാരണ അവലോകന യോഗം ചേരുന്ന പതിവ് ഇത്തവണ ഉണ്ടായതുമില്ല. ആകെ നടന്നത് ആർഡിഒ വിളിച്ചു ചേർത്ത യോഗമാണ്. ഇതാകട്ടെ വിവിധ വകുപ്പുകളിൽ കൃത്യമായി അറിയിപ്പ് നൽകാതെയാണ് നടന്നതെന്ന് ആക്ഷേപം ശക്തമാണ്. റവന്യു ഉദ്യോഗസ്ഥരാണ് അറിയിപ്പ് നൽകിയത്. എല്ലാ വകുപ്പുകളിലും ഈ അറിയിപ്പ് കിട്ടിയില്ല.
മുൻ രീതിയിൽ എംഎൽഎയാണ് യോഗം വിളിച്ചു ചേർക്കാറുണ്ടായിരുന്നത്. എന്നാൽ എംഎൽഎയെ കടത്തി വെട്ടി റവന്യു വകുപ്പ് യോഗം വിളിച്ചെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു.
ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവ മകരവിളക്ക് സീസണിലാണ്. ഏറ്റവും തിരക്ക് ഉണ്ടാകുന്നത് ഈ സമയത്താണ്. കൃത്യമായ ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ ക്രമീകരണങ്ങൾ തകിടം മറിയുമെന്നിരിക്കേ മുന്നൊരുക്കം ഇല്ലാതെ മകരവിളക്ക് സീസണിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ചോദിക്കുന്നു. ഓരോ വകുപ്പും എന്തൊക്കെ നടപ്പിലാക്കണമെന്ന് രൂപരേഖ ഇല്ലാതെയാണ് ഇത്തവണ മകരവിളക്ക് സീസണെ അഭിമുഖീകരിക്കുന്നത്.
കണമല വഴിയിൽ ചരക്കുവാഹനങ്ങൾ വിടരുതെന്ന് മോട്ടോർ വാഹന വകുപ്പ് പല തവണ ആവശ്യപ്പെട്ടിട്ടും പോലീസ് വകുപ്പ് അത് പരിഗണിച്ചിട്ടില്ല. കരിങ്കല്ലുമുഴി കയറ്റവും ഇറക്കവും അപകടം ആണെന്ന് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, കരിങ്കല്ലുമുഴിക്ക് അടുത്ത് ചെമ്പകപ്പാറ ഭാഗത്തെ പാറമടയിൽനിന്ന് ടോറസ് ലോറികൾ സഞ്ചരിക്കുന്നത് ദിവസവും തുടരുകയാണ്. ഈ ലോറികൾ പാറകൾ കയറ്റി കരിങ്കല്ലുമുഴി ഇറക്കം സഞ്ചരിക്കുന്നത് തടഞ്ഞില്ലെങ്കിൽ വൻ അപകടം ഉണ്ടായേക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. പരിചയമുള്ള പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിയിൽ നിയോഗിക്കണമെന്ന് ആവശ്യം ശക്തമാണ്.