വിദേശ വിനോദസഞ്ചാരികളുടെ കളഞ്ഞുപോയ മൊബൈൽ ഫോൺ തിരികെ നൽകി ഗൃഹനാഥൻ
1491210
Tuesday, December 31, 2024 3:37 AM IST
മുണ്ടക്കയം: വിദേശ വിനോദ സഞ്ചാരികളുടെ കളഞ്ഞുപോയ മൊബൈൽ ഫോൺ തിരികെ നൽകി ഗൃഹനാഥൻ. തേക്കടിയിൽനിന്നു കുമരകത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ഫ്രാൻസിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് മുണ്ടക്കയം ടൗണിൽവച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
മുണ്ടക്കയം ടൗണിൽ ദേശീയപാതയോരത്ത് വാഹനം നിർത്തി വ്യാപാര സ്ഥാപനത്തിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം യാത്ര തുടരുന്നതിനിടയിലാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഈ സമയം ബാങ്കിൽ പോയി തിരികെ നടന്നു വരികയായിരുന്ന മുരുക്കുംവയൽ പ്ലാക്കപ്പടി സ്വദേശി മാളിയേക്കൽ റപ്പേലിന് റോഡിൽക്കിടുന്ന് മൊബൈൽ ഫോൺ ലഭിച്ചു. റപ്പേൽ ഇതെടുത്ത് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് നടത്തുന്ന ഷംസുദ്ദീനെ ഏൽപ്പിക്കുകയായിരുന്നു.
വിനോദസഞ്ചാരികൾ തിരികെ വന്ന് ഇവരുടെ വാഹനം പാർക്കുചെയ്തിരുന്ന സ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലും തെരഞ്ഞെങ്കിലും മൊബൈൽ ഫോൺ കണ്ടുകിട്ടിയില്ല. തുടർന്ന് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ സുരേഷ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കണ്ടു.
അപ്പോഴേക്കും മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് വ്യാപാര സ്ഥാപനത്തിലേക്ക് ബസ് സ്റ്റാൻഡിൽ അനൗൺസ് ചെയ്യുന്ന ഷംസുദ്ദീന്റെ ഫോൺകോളെത്തി. അപ്പോൾ തന്നെ മുണ്ടക്കയം ബസ് സ്റ്റാൻഡിലെത്തിയ സഞ്ചാരികൾക്ക് ഷംസുദ്ദീന്റെ സാന്നിധ്യത്തിൽ റപ്പേൽ മൊബൈൽ ഫോൺ തിരികെ നൽകി. തങ്ങളുടെ യാത്രാരേഖകളും പണമിടപാടുകളും നടത്തിയിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതോടെ സഞ്ചാരികൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഫോൺ തിരികെ ലഭിച്ചതോടെ എല്ലാവർക്കുംനന്ദി പറഞ്ഞ ശേഷമാണ് വിനോദസഞ്ചാരികൾ യാത്ര തുടർന്നത്.