പ്ലാശനാൽ സെന്റ് ആന്റണീസിലെ പ്രതിഭകൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്
1491206
Tuesday, December 31, 2024 3:37 AM IST
പ്ലാശനാൽ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ബാലശാസ്ത്രജ്ഞർ തുടർച്ചയായി ഏഴാമതും ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവേഷണ പ്രബന്ധ അവതരണത്തിന് അർഹത നേടി.
ജനുവരി മൂന്നുമുതൽ ആറു വരെ ഭോപ്പാലിൽ നടക്കുന്ന 31-മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലാണ് ഈ സ്കൂളിലെ വിദ്യാർഥികളായ അതുൽ സോജൻ, അതുൽ റോബി എന്നിവർ പ്രോജക്ട് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് കാട്ടുറബറിന്റെ കീട-കൂത്താടി നാശക പ്രവർത്തനം ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് വിദ്യാർഥികൾക്ക് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. 31-മത് സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് അർഹത നേടിയത്.
മരച്ചീനിയുടെ കുടുംബത്തിൽപ്പെട്ട കാട്ടുറബറിലുള്ള സയ നൈഡിന്റെ കൂടിയ അളവ് കീടങ്ങളായ പയർ, ചാഴി, മുഞ്ഞ, എപ്പിലാക്ന, വണ്ട് എന്നിവക്കെതിരേ ഫലപ്രദമാണെന്ന കണ്ടെത്തലും കാട്ടുറബറിലുള്ള സയനൈഡ് കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കാൻ സാധിക്കുമെന്നുമുള്ള കണ്ടെത്തലുമാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഇടയാക്കിയത്.
സ്കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ് സെബാസ്റ്റ്യനാണ് ടീച്ചർ ഗൈഡായി പ്രവർത്തിച്ചത്. ഇത് പതിനാലാം തവണയാണ് മനോജ് സെബാസ്റ്റ്യൻ ടീച്ചർഗൈഡായി പ്രവർത്തിച്ച് ദേശീയതലത്തിൽ എത്തുന്നത്.