കുറവിലങ്ങാട് ഷഷ്ഠിപൂര്‍ത്തി റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു
1491204
Tuesday, December 31, 2024 3:37 AM IST
കുറവിലങ്ങാട്: നാളുകളായി സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നുകിടന്നിരുന്ന കുറവിലങ്ങാട് ഷഷ്ഠിപൂര്‍ത്തി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
വാട്ടര്‍ അഥോറിട്ടി പൈപ്പിടീല്‍ മൂലം റോഡ് റീടാറിംഗ് നടപ്പാക്കാന്‍ കഴിയാതെ നിലനിന്നിരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. കുറവിലങ്ങാട്, ഞീഴൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷഷ്ഠിപൂര്‍ത്തി റോഡില്‍ ഇന്നു മുതല്‍ മെറ്റലിംഗ് പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി റീടാറിംഗ് ജോലികളും നടത്തും. ജനുവരി 20ന് മുമ്പായി റീടാറിംഗ് ജോലികള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ച് ഷഷ്ഠിപൂര്‍ത്തി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനാണു തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വിവിധ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയിൽ വിളിച്ചു ചേര്‍ത്ത പിഡബ്ല്യുഡി റോഡ്സ് വിഭാഗവും വാട്ടര്‍ അഥോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുത്ത മോണിട്ടറിംഗ് യോഗത്തിലാണ് ഷഷ്ഠിപൂര്‍ത്തി റോഡിന്റെ നിര്‍മാണപൂര്‍ത്തീകരണം സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.