പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജില്‍ അന്താരാഷ്ട്ര സിമ്പോസിയം
1491203
Tuesday, December 31, 2024 3:37 AM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് (ഓട്ടോണമസ്) ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിലിജനുമായി സഹകരിച്ച് ജനുവരി രണ്ടുമുതല്‍ നാലുവരെ ‘ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം നടത്തും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ അതിന്റെ ധാര്‍മിക പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായി പരിശോധിക്കും. പ്രമുഖ അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വ്യവസായ പ്രഫഷണലുകള്‍ എന്നിവരുടെ അവതരണങ്ങളും ചര്‍ച്ചകളും നടക്കും.
രണ്ടിന് രാവിലെ 9.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കോളജ് ചെയര്മാന് മോ ണ്. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സിമ്പോസിയത്തില്‍ വത്തിക്കാന്‍ ഒബ്സര്‍വേറ്ററി ഡയറക്ടര്‍ ബ്രദര്‍ ഗുയ് കോണ്‍സല്‍മാഞ്ഞോ എസ്ജെ, അമേരിക്കയിലെ ലയോള മേരിമൗണ്ട് സര്‍വകലാശാലയിലെ ഡോ. റോയ് പെരേര എസ്ജെ, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആൻഡ് റിലിജന്‍ ഡയറക്ടര്‍ ഡോ. ജോബ് കോഴാംതടം എസ്ജെ, ഡല്‍ഹി ജെഎന്‍യുവിലെ ഡോ. സൊനഝ റിയ മിന്‍സ്, ഗോവ റേച്ചല്‍ സെമിനാരിയിലെ ഡോ. വിക്ടര്‍ ഫെറാവോ, കൊച്ചി ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബിനോയ് ജേക്കബ് എസ്ജെ, പുനെ ജ്ഞാനദീപ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലിജനിലെ ഡോ. ഡോളിച്ചന്‍ കൊല്ല റേട്ട് എസ്ജെ, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിക്റ്റിസ് ഡയറക്ടര്‍ ഡോ. കെ.കെ. ജോസ്, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രഫസര്‍ സംഗീത ജോസ്, എസ്ജെസിഇടി പാലാ കംപ്യുട്ടര്‍ സയന്‍സ് എൻജിനിയറിംഗ് സൈബര്‍ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജി. ശബരിനാഥ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.കെ. ജോസ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. പി.പി. ജോബി, പിആര്‍ഒ ഡോ. നേവി ജോര്‍ജ് എന്നിവര്‍. സൗജന്യ രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്നാണ്.