ദേശീയ സീനിയര്‍ മെന്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെമുതല്‍ ചങ്ങനാശേരിയില്‍
1490045
Wednesday, December 25, 2024 7:08 AM IST
ചങ്ങനാശേരി: കേരള ഹാന്‍ഡ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ സീനിയര്‍ മെന്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ചങ്ങനാശേരിയില്‍ തുടക്കമാകും. 29വരെ എസ്ബി, അസംപ്ഷന്‍ കോളജുകളിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
നാളെ വൈകുന്നേരം ആറിന് എസ്ബി കോളജില്‍ നടക്കുന്ന സമ്മേളനം പ്രമുഖ വ്യവസായി കെ.ജി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോളജിന്റെ ഫുട്ബോള്‍ മൈതാനത്ത് കേരളീയ കലാരൂപങ്ങളുടെ അവതരണവും കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റും നടത്തും.
28 സംസ്ഥാനങ്ങളിലെ പ്രധാന ടീമുകളോടൊപ്പം റെയില്‍വേ, പോലീസ് ടീമുകളും പങ്കെടുക്കും. 700ലധികം കായികതാരങ്ങളും പ്രതിനിധികളും പങ്കെടുക്കും. ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി ഒമ്പതുവരെയുമാണ് മത്സരങ്ങള്‍ നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മത്സരത്തിന് പങ്കെടുക്കാനെത്തുന്ന കാണികള്‍ക്ക് വിവിധ സമ്മാന പദ്ധതികള്‍ ഉണ്ടാകുമെന്നും കേരള ഹാന്‍ഡ്ബോള്‍ അസോസിയേഷന് ചെയര്മാന് ബിഫി വര്‍ഗീസ് പുല്ലുകാട്, ജനറല്‍ കണ്‍വീനര്‍ ജിജി ഫ്രാന്‍സിസ്, ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ ബെര്‍ണാഡ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.