വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് നാളെ കൊടിയേറും
1490030
Wednesday, December 25, 2024 6:58 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് നാളെ കൊടിയേറും. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന തീർഥാടന കേന്ദ്രമായ ആശ്രമദേവാലയത്തിൽ ഒമ്പതുനാളുകൾ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കായി ആയിരക്കണക്കിന് തീർഥാടകർ എത്തിച്ചേരും. ജനുവരി മൂന്നിനാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.
നാളെ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും നടക്കും. 10.40ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് സ്വീകരണം. 11ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കൊടിയേറ്റും. തുടർന്ന് കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന. മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, ചെത്തിപ്പുഴ ആശ്രമം പ്രിയോർ ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ സഹകാർമികരാകും.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പ്രസുദേന്തി സംഗമം ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ നയിക്കും. 4.30ന് ജപമാല. അഞ്ചിന് കൈനകരി ചാവറ ഭവൻ ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന.
27, 28, 29 തീയതികളിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും നടക്കും. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപോസ് പ്രദർശനം ഉദ്ഘാടനം ചെയ്യും.
ആശ്രമ ദേവാലയത്തോടു ചേർന്ന് പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രതിഷ്ഠിക്കുന്ന തിരുശേഷിപ്പുകൾ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ വിശ്വാസികൾക്ക് വണങ്ങാൻ സൗകര്യമുണ്ടാകുമെന്ന് പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പറഞ്ഞു.