ആഹ്ലാദനിറവില്‍ ഇന്ന് ക്രിസ്മസ് ഒരുക്കം
1489705
Tuesday, December 24, 2024 6:39 AM IST
കോട്ടയം: ക്രിസ്മസ് എത്തുകയായി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷനാള്‍. ക്രിസ്മസിനെ ഹൃദയം നിറഞ്ഞു വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു. പുല്‍ക്കൂടും നക്ഷത്രവും ട്രീയും നിറയെ അലങ്കാരങ്ങളുമായി വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും വര്‍ണാഭം. ഓരോ നക്ഷത്രവും ബേത്ലഹം മലയോരത്തിലെ മഹാസംഭവത്തിന്റെ അടയാളമാണ്.
റെഡിമേഡ് പുല്‍ക്കൂടുകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില്പനയുണ്ട്. എന്നാല്‍ വീടൊരുമിച്ച് അങ്കണത്തില്‍ പുല്ക്കൂടൊരുക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും ഒന്നു വേറെതന്നെ. പച്ചവിരിച്ച കുന്നിന്റെയും പുല്ത്തകടിയുടെയും പശ്ചാത്തലത്തില്‍ പുല്‍ക്കൂടും ആട്ടിടയന്മാരുടെ ആലയുമൊക്കെ പണിതൊരുക്കുന്ന തിരക്കിന്റെ സുദിനമാണിന്ന്.
കടലാസ് നക്ഷത്രങ്ങള്‍ക്കു പുറമെ എല്‍ഇഡി ബള്‍ബുകളുമായി ചൈനീസ് നക്ഷത്രങ്ങളും വര്‍ണം വിതറുന്നു. വൈദ്യുതിവിളക്കുകളും തോരണങ്ങളും അലങ്കാരസാമഗ്രികളുമായി ക്രിസ്മസ് ട്രീ അണിയൊച്ചുരുക്കുന്നതും സന്തോഷത്തിന്റെ വേളയാണ്. മുറ്റത്തും ആകാശത്തും ഒരുപോലെ നക്ഷത്രങ്ങള്‍ തെളിയുന്ന ഇന്നത്തെ സായാഹ്നത്തില്‍ പടങ്ങങ്ങളും പൂത്തിരിയും കമ്പിത്തിരിയും മെത്താപ്പൂവുമൊക്കെയായി കുട്ടികള്‍ അണിചേരും. വാദ്യമേളങ്ങളോടെ കാരള്‍ ആലാപനങ്ങളുമായി കുട്ടികള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മധുരവിതരണം നടത്തും.
അടുക്കളകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കലിന്റെ തിരക്ക് ദിനമാണിന്ന്. മത്സ്യമാംസാദികളും പലതരം അപ്പങ്ങളും പഴങ്ങളുമൊക്കെയായി തീന്മേശകള്ക്കു ചുറ്റും വീട്ടുകാരും ബന്ധുക്കളും പങ്കുവയ്ക്കലിന്റെ ക്രിസ്മസ് സന്തോഷം അനുഭവിച്ചറിയും. വെള്ളയപ്പവും പാലപ്പവും വട്ടയപ്പവും ഇറച്ചിക്കറിയും ക്രിസ്മസിന്റെ തനത് വിഭവമാണ്. പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേളയാണ്. ഒരു കേക്ക് പല കഷണങ്ങളായി മുറിച്ച് സ്നേഹം പങ്കുവയ്ക്കുന്ന നിമിഷം. ദേവാലയങ്ങളില്‍ ഇന്നു പാതിരാ കുര്‍ബാനയിലും കാരള്‍ ആലാപനത്തിലും ഇടകകാംഗങ്ങളൊന്നാകെ സംഗമിക്കും.