എസ്എച്ച് മെഡിക്കല്‍ സെന്ററിൽ അതിസങ്കീർണ ശസ്ത്രക്രിയ വിജയകരം
1489968
Wednesday, December 25, 2024 5:33 AM IST
കോട്ടയം: എസ്എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിലെ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ അരുവിക്കുഴി പെരികിലക്കാട്ട് ടോമി ആന്റണിക്ക് പുതു ജീവൻ. 75കാരനായ ടോമി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലെ ടോട്ടല്‍ ഹിപ്പ് ജോയിന്റ് റിപ്ലേയെസ്മെന്റ് ശസ്ത്രക്രിയ വഴിയാണ് പുതു ജീവിതത്തിലേക്ക് എത്തിയത്.
മാസങ്ങളായി ടോമിക്കു വലതുകാല്‍ നിലത്തുകുത്താനോ നടക്കാനോ സാധിക്കാത്തവിധം വേദനയായിരുന്നു. എസ്എച്ച് മെഡിക്കല്‍ സെന്ററിലെ ഓര്‍ത്തോ പീഡിയാക് സര്ജന് ഡോ. കെ.എം. മാത്യു പുതിയിടം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ വലത്തെ കാലിന്റെ ഇടുപ്പിലെ ബോളും സോക്കറ്റും ജന്മനാല്‍തന്നെ വളര്‍ച്ചയില്ലാത്തതാണെന്നും ബോളിന്റെ സ്ഥാനം തെറ്റി മുകളിലേക്കു മാറിയിരിക്കുകയാണെന്നും കണ്ടെത്തി. ഇക്കാരണത്താല്‍ വലതു കാലിന് ഏഴു സെന്റീ മീറ്റര്‍ നീളക്കുറവും നടക്കുമ്പോള്‍ വലതു വശത്തേക്കു ചെരിവുമുണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു
കഴിഞ്ഞ ദിവസം കൃത്രിമമായി നിര്‍മിച്ച ബോള്‍ ആന്‍ഡ് സോക്കറ്റ് (ടോട്ടല്‍ ഹിപ്പ് ജോയിന്റ് റിപ്ലേയ്സ്മെന്റ്) ശസ്ത്രക്രിയയിലൂടെ ടോമിക്കു വച്ചു പിടിപ്പിക്കുകയായിരുന്നു. 75 വയസ് പ്രായമുള്ളതിനാല്‍ ഡോ. കെ.എം. മാത്യു പുതിയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറളം നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രീയ അതീവ സൂക്ഷ്മതയോടെയാണ് പൂര്‍ത്തിയാക്കിയത്.
ഇടുപ്പില്‍ ദ്വാരമുണ്ടാക്കിശേഷം കൃത്രിമ ബോള്‍ ആന്‍ഡ് സോക്കറ്റ് സ്ഥാപിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കിയതോടെ വലതു കാലും ഇടതു കാലും ഏറെക്കുറെ ഒരേ നീളത്തിലായി. ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ ഫിസിയോതെറാപ്പിയും ആരംഭിച്ചു.
ഇപ്പോള്‍ ടോമിക്കു ചെരിവില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം ഫിസിയോതെറാപ്പി പൂര്‍ത്തിയാക്കി അദ്ദേഹത്തിനു വീട്ടിലേക്കു മടങ്ങാം. ടോമി വിദേശത്ത് കേറ്ററിംഗ് ജോലിയാണ് ചെയ്തിരുന്നത്. ടോമിയുടെ ഭാര്യയും കുടുംബാംഗങ്ങളും വിദേശത്താണ്.
ഓര്‍ത്തോപീഡിയാക് സര്ജന് ഡോ. കെ.എം. മാത്യു പുതിയിടത്തിന്റെ നേതൃത്വത്തില്‍ ഡോ. മിഥുന് ജോയി കാട്ടൂര്‍, ഡോ. ജസ് ജോര്‍ജ്, ഡോ. സന്തോഷ് സക്കറിയ, ഡോ. ക്രിസ്റ്റീന, തിയറ്റര്‍ നഴ്സുമാരായ അലക്സ്, ശ്രീജിത്ത്, സൗമ്യ, ആശ്വതി, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എസ്. മനേഷ്,
എസ്എച്ച് മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അംഗങ്ങളായ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്, അസോസിയേറ്റ് ഡയറക്ടര്‍മാരായ സിസ്റ്റര്‍ ജീന, സിസ്റ്റര്‍ സെലിന്, സിസ്റ്റര്‍ ഹെലന് എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.